India

‘ഹിജാബ് ധരിക്കുന്നത് മൗലികാവകാശം’; വിദ്യാർഥിനികൾക്ക് പിന്തുണയുമായി സിദ്ധരാമയ്യ

കർണാടകയിൽ കൂടുതൽ കോളജുകളിൽ ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തവേ വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷം. മുസ്‌ലിം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കാതിരിക്കാനാണ് ഇത്തരക്കാരുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു.

“മുസ്‌ലിം പെൺകുട്ടികൾ ആദ്യം മുതലേ ഹിജാബ് ധരിക്കുന്നു. അതവരുടെ മൗലികാവകാശമാണ്. കവി ഷാളുകൾ ധരിച്ചു വരുന്നവർ നേരത്തെ അങ്ങനെയാണോ കോളജുകളിൽ വന്നിരുന്നത്? ഇത് രാഷ്ട്രീയ പ്രേരിതമാണ്. അത്കൊണ്ട് തന്നെ സർക്കാർ നിലപാട് വ്യക്തമാക്കണം” – സിദ്ധരാമയ്യ വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് ഇത്തരം വിഷയങ്ങൾ ഉയർന്നുവരുന്നതെന്നും ഹിജാബ് വിലക്ക് നിയമസഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കർണാടകയിലെ കുന്താപുര്‍ ഗവ. പി.യു കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ ഇന്നലെയും തടഞ്ഞു. ഹിജാബ് ധരിച്ചെത്തിയവരെ കോളജ് പരിസരത്ത് നിന്നും അധികൃതർ ബലം പ്രയോഗിച്ച് പുറത്താക്കി. ഇതോടെ കോളജിൽ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. കോളേജിൽ പ്രതിഷേധം ശക്തമാവുകയാണ്.