കർണാടകയുടെ വിവിധ ഭാഗങ്ങളിലും രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാകുന്നതിനിടെ ഹിജാബ് നിരോധനത്തിനെതിരായ ഹർജികളിൽ കർണാടക ഹൈക്കോടതി ഇന്ന് വാദം കേൾക്കും. വിവിധ കോളജുകളിലെ വിദ്യാർത്ഥിനികളാണ് ഹർജി നൽകിയിരിക്കുന്നത്. അന്തിമ വിധി വരുന്നതുവരെ കോളജുകളിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് വിലക്കി കോടതി ഒരു ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു.
കോടതി വാദം കേൾക്കുന്നതിന് മുന്നോടിയായി, ഉഡുപ്പി ജില്ലാ ഭരണകൂടം ഇന്ന് മുതൽ ഫെബ്രുവരി 19 വരെ ജില്ലയിലെ ഹൈസ്‌കൂളുകൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ സിആർപിസി സെക്ഷൻ 144 പ്രകാരം നിരോധന ഏർപ്പെടുത്തി. അതേസമയം വിവാദം കണക്കിലെടുത്ത് സർക്കാർ പ്രഖ്യാപിച്ച അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും.
കർണാടകയിലെ മൂന്ന് കോളജുകൾ ഹിജാബ് ധരിച്ച വിദ്യാർത്ഥിനികളുടെ പ്രവേശനം തടഞ്ഞിരുന്നു. ഇത് വിവിധ സമുദായങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. മുസ്ലീം പെൺകുട്ടികളുടെ സമരത്തിനിടെ ഹിന്ദു വിദ്യാർത്ഥികൾ കാവി ഷാൾ ധരിച്ച് പ്രകോപനം സൃഷ്ടിച്ചിരുന്നു. ഈ വിഷയം രാജ്യവ്യാപകമായി രാഷ്ട്രീയ ചർച്ചയായി മാറിയിരിക്കുകയാണ്.