കസ്റ്റഡിയിലിരിക്കവെ പുരുഷ പൊലീസുകാരിൽ നിന്ന് പീഡനമേൽക്കേണ്ടി വന്നുവെന്ന് കർഷക സമരത്തിനിടെ അറസ്റ്റിലായ നൗദീപ് കൗർ. മൂന്നാംമുറ പ്രയോഗമാണ് പൊലീസ് തനിക്ക് നേരെ നടത്തിയത്. ദലിത് വിഭാഗത്തിലെ സ്ത്രീ ആയതുകൊണ്ടാണ് പൊലീസ് ഇത്തരത്തിൽ പെരുമാറിയതെന്നും നൗദീപ് കൗർ ആരോപിച്ചു. ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം മീഡിയവണിനോട് പ്രതികരിക്കുകയായിരുന്നു നൗദീപ് കൗർ
എന്ത് പീഡനമാണ് പൊലീസിൽ നിന്ന് അനുഭവിക്കേണ്ടിവന്നത്?
കുംലിയിലെയും സോനിപതിലെയും പൊലീസ് സ്റ്റേഷനുകളിൽ നിന്ന് കടുത്ത പീഡനമാണ് ഉണ്ടായത്. ജയിലിൽ നിന്നും സമാനമായ അനുഭവമുണ്ടായി. ഇവൾ രാഷ്ട്രീയം കളിക്കുകയാണ്. അതിനാൽ ഒരു മാപ്പും അ൪ഹിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു പീഡനം. എത്ര സാധ്യമാണോ അത്രയും തന്നെ പീഡിപ്പിച്ചു. . ഒപ്പിടാൻ നി൪ബന്ധിച്ച് കൊണ്ട് തന്‍റെ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളിൽ അവ൪ മ൪ദിച്ചു. തെറിയഭിഷേകം നടത്തി. മൂന്നാംമുറയുടെ പ്രയോഗമായിരുന്നു പൊലീസ് നടത്തിയിരുന്നത്.
മെഡിക്കൽ റിപ്പോ൪ട്ട് തയ്യാറാക്കുന്നതിൽ മടി കാണിച്ചത് എന്തുകൊണ്ടാണ്?
മെഡിക്കൽ റിപ്പോ൪ട്ട് തയ്യാറാക്കാൻ മടി കാണിച്ചുവെന്നത് പൊലീസിന്‍റെ വ്യാജ ആരോപണമാണ്. പീഡനം കാരണം ചലിക്കാനോ സംസാരിക്കാനോ കഴിയാത്ത തന്നെയും കൊണ്ട് പൊലീസ് വെറുതെ കറങ്ങുകയായിരുന്നു. മെഡിക്കൽ റിപ്പോ൪ട്ട് തയ്യാറാക്കാൻ പൊലീസ് സന്നദ്ധമായില്ലെന്ന് ജയിലിൽ എന്നെ കാണാൻ വന്ന സഹോദരിയോട് ഞാൻ തന്നെയാണ് പറഞ്ഞത്. പിന്നീട് കോടതിയെ സമീപിച്ചാണ് മെഡിക്കൽ ചെയ്യിച്ചത്. അതും പതിനാല് ദിവസത്തിന് ശേഷം. അപ്പഴേക്ക് ഒരുവിധം പരിക്കെല്ലാം ഇല്ലാതായിരുന്നു.
ദളിത് ആയത് കൊണ്ടാണ് ഇതെല്ലാം അനുഭവിക്കേണ്ടി വന്നതെന്ന് പറയുന്നത് ശരിയാണോ?
ദളിത് ആയിട്ടും സമാധാനപരമായി സമരം ചെയ്ത തങ്ങളെ പിടികൂടുകയായിരുന്നു പൊലീസ്. ദളിതായതുകൊണ്ടും സ്ത്രീയായത് കൊണ്ടും ഭരണകൂടത്തിനെതിരെ സംസാരിച്ചത് കൊണ്ടുമാണ് തന്നെ ഇങ്ങനെ വേട്ടയാടുന്നത്.
ക൪ഷക സമരവുമായി ഇനിയും സഹകരിക്കുമോ?
ക൪ഷക൪ക്ക് വേണ്ടിയും തൊഴിലാളികൾക്ക് വേണ്ടിയും സ്ത്രീകൾക്ക് വേണ്ടിയും താൻ സംസാരിച്ചുകൊണ്ടേയിരിക്കും. പീഡനമേറ്റത് കാരണം നല്ലപോലെ സംസാരിക്കാൻ ആകാത്ത നിലയിലായിട്ടുണ്ട്. എന്നാൽ ആന്തരികമായി കൂടുതൽ ശക്തയായിട്ടുണ്ട്. കൂടുതൽ ഊ൪ജസ്വലത കൈവരിച്ചിട്ടുണ്ട്. തന്നെ കൂടുതൽ ബോൾഡ് ആക്കി മാറ്റുകയാണ് ഈ സംഭവങ്ങളെല്ലാം ചെയ്തത്. പീഡിപ്പിച്ചവ൪ താൻ പിന്നോട്ടുപോകുമെന്നാണ് കരുതുന്നത്. കൂടുതൽ ശക്തയായിട്ടാണ് തിരിച്ചു വന്നിരിക്കുന്നതെന്നാണ് അവരോട് തനിക്ക് പറയാനുള്ളത്.