നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തിനു തൊട്ടടുത്തുള്ള രേഷിംബാഗ് മൈതാനത്ത് സമ്മേളനം നടത്താന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മിക്ക് അനുമതി. ഫെബ്രുവരി 22 ന് നിശ്ചയിച്ചിരിക്കുന്ന സമ്മേളനത്തിന് ബോംബെ ഹൈക്കോടതിയാണ് ഭീം ആര്‍മിക്ക് അനുമതി നല്‍കിയത്. സമ്മേളനം നടത്താൻ അനുമതി നൽകിയെങ്കിലും ചില നിബന്ധനകൾ കോടതി ഏർപ്പെടുത്തിയിട്ടുണ്ട്. ഭീം ആര്‍മിയുടെ ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ സുനിൽ ശുക്രെ, മാധവ് ജംദാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ദലിത് സംഘടനയുടെ സമ്മേളനം ചില വ്യവസ്ഥകളോടെ നടത്താനാകുമെന്ന് വ്യക്തമാക്കിയത്.
ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ് യോഗത്തിൽ പ്രസംഗിക്കും. ഭീം ആർമി പ്രവർത്തകൻ സമർപ്പിച്ച ഹരജിയിൽ ചൊവ്വാഴ്ച മഹാരാഷ്ട്ര സർക്കാരിനും നാഗ്പൂർ പൊലീസ് കമ്മീഷണർക്കും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ആർ.എസ്.എസിന്റെ ആസ്ഥാനത്തിന് സമീപമാണ് വിശാലമായ ഈ മൈതാനം. ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കോട്‌വാലി പൊലീസ് സമ്മേളനത്തിന് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ദലിത് സംഘം ഹൈക്കോടതിയെ സമീപിച്ചത്. നാഗ്പൂർ ഇംപ്രൂവ്‌മെന്റ് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള മൈതാനത്തെ നിയന്ത്രിക്കുന്ന സിപി ആന്‍ഡ് ബെരാർ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ അനുമതി ലഭിച്ചിരുന്നതായി ഭീം ആർമി നാഗ്പൂർ ജില്ലാ മേധാവി പ്രഫുൽ ഷെൻഡെ തന്റെ അഭിഭാഷകൻ ഫിർദോസ് മിർസ വഴി സമർപ്പിച്ച ഹരജിയിൽ പറയുന്നു.
തുടര്‍ന്നാണ് ഭീം ആര്‍മി പ്രവര്‍ത്തകരുടെ സമ്മേളനം നടത്താൻ അനുമതി നൽകണമെന്ന് ഹൈക്കോടതിയിൽ നിന്ന് സംസ്ഥാന സർക്കാരിനും പൊലീസ് കമ്മീഷണർക്കും നിർദേശം നൽകിയത്. ഇത് ഭീം ആര്‍മി പ്രവര്‍ത്തകരുടെ സമ്മേളനം മാത്രമായിരിക്കണം. പ്രകടനമോ പ്രതിഷേധമോ ആയി മാറരുത്. പ്രകോപനപരമായ പ്രസംഗങ്ങൾ പാടില്ല, സമാധാനാന്തരീക്ഷം നിലനിര്‍ത്തണം തുടങ്ങിയവയാണ് നിബന്ധനകള്‍. മേൽപ്പറഞ്ഞ വ്യവസ്ഥകളില്‍ ചന്ദ്രശേഖർ ആസാദിനായിരിക്കും ഉത്തരവാദിത്തമെന്നും ഹൈക്കോടതി വ്യക്തമാക്കി.