India National

‘എന്തായിരുന്നു അവള്‍ ചെയ്ത തെറ്റ്’; കുഞ്ഞ് ഹിബയുടെ കുടുംബം ചോദിക്കുന്നു

കശ്മീരില്‍ പെല്ലറ്റാക്രമണമേറ്റ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ദക്ഷിണ കാശ്മീരിലെ ഷോപ്പിയാനില്‍ നിന്നുള്ള ഹിബ നിസാര്‍. പതിനെട്ട് മാസം പ്രായമായ സമയത്താണ് കുഞ്ഞ് ഹിബക്ക് സൈന്യത്തിന്റെ പെല്ലറ്റേല്‍ക്കുന്നത്. സൈന്യം നടത്തിയ ഏറ്റുമുട്ടലിനിടയിലാണ് ഹിബക്ക് കഴിഞ്ഞ നവംബര്‍ 23ന് പെല്ലറ്റിലൂടെ പരിക്കേറ്റത്. ഏറ്റുമുട്ടലിൽ 20 ഓളം പേർക്ക് പരിക്കേൽക്കുകയും ആറ് മിലിറ്റന്റുകളും ഒരു സൈനികനും കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഹിബയുടെ വലത്തേ കണ്ണിനായിരുന്നു പെല്ലറ്റിലൂടെ പരിക്കേറ്റത്. തുടര്‍ന്ന് നടത്തിയ സര്‍ജറികളുടെ ഫലമായി പതുക്കെ ജീവിതത്തിലേക്ക് തിരികെ നടക്കുകയാണ് കുഞ്ഞ് ഹിബയിപ്പോള്‍. ദിവസവും പ്രായത്തിലും ഭീകരമായ തോതില്‍ മരുന്നുകള്‍ കഴിക്കുന്ന കുഞ്ഞ് ഹിബ എന്തിനായിരുന്നു ഇതെല്ലാം സഹിക്കുന്നതെന്നായിരുന്നു മാതാപിതാക്കളുടെ വികാര ഭരിതമായ ചോദ്യം. ‘എന്തായിരുന്നു അവള്‍ ചെയ്ത തെറ്റ്’; ഹിബയുടെ മാതാപിതാക്കള്‍ ചോദിക്കുന്നു. പെല്ലറ്റ് ആക്രമണത്തിന് ശേഷവും ഹിബ അതിന്റെ ഭീതിയില്‍ നിന്നും മോചിതയായില്ലെന്ന് ഉമ്മ മര്‍സല ജാന്‍ പറയുന്നു. ക്യാമറയില്‍ ഹിബയുടെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്ന കുഞ്ഞ് സഹോദരനില്‍ നിന്നും ഭയപ്പാടോടെ കൈ രണ്ടും കൂട്ടി പിടിച്ച് കണ്ണടച്ച് പേടിച്ചിരിക്കുന്ന ഹിബയുടെ ചിത്രം സാമുഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇന്ത്യന്‍ സൈന്യം കണ്ണീർ വാതക ഷെല്ലുകൾ വീടിനകത്തേക്ക് എറിഞ്ഞതിന്റെ ഫലമായാണ് കുഞ്ഞ് ഹിബക്ക് പെല്ലെറ്റേറ്റതെന്ന് പിതാവ് നിസാർ അഹമദ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വീടിനകം പുക വമിച്ചപ്പോൾ പുറത്തേക്ക് ഓടുന്ന സന്ദർഭം വാതിൽ തുറന്നപ്പോള്‍ സൈന്യം പെല്ലറ്റ് വെക്കുകയായിരുന്നു എന്നാണ് പിതാവ് നിസാർ പറഞ്ഞത്. ഹിബയുടെ മാതാവിന്റെ കൈക്കും അപകടത്തിൽ പെല്ലെറ്റേറ്റിരുന്നു. കൈ കൊണ്ട് കുഞ്ഞിനെ പെല്ലറ്റിൽ നിന്നും മറച്ചില്ലായിരുന്നെങ്കിൽ ഇതിലും കൂടുതൽ അപകടം ഏൽക്കുമായിരുന്നുവെന്ന് ഹിബയുടെ മാതാവ് മര്‍സല ജാൻ പറയുന്നു.

കാശ്മീരിൽ പതിനെട്ട് മാസം പ്രായമായ കുഞ്ഞിന് വീട്ടിനകത്ത് വെച്ച് പെല്ലറ്റ് വെടിയെറ്റു

Kashmir disputeHiba Nasir