സാമ്പത്തിക പ്രതിസന്ധിയില്‍ പ്രയാസപ്പെടുന്ന വാഹന വിപണിക്ക് ആശ്വാസകരമായ നികുതി ഇളവ് അടുത്ത ജി.എസ്.ടി കൌണ്‍സിലില്‍ ഉണ്ടാകില്ലെന്ന് സൂചന. ജി.എസ്.ടി കൌണ്‍സിലില്‍ അംഗങ്ങളായ മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ തീരുമാനത്തെ എതിര്‍ക്കുന്നതാണ് കാരണം. എന്നാല്‍ നികുതി ഇളവ് വാഹനങ്ങളുടെ വിലയില്‍ കുറവ് വരുത്തുന്നതിനാല്‍ ഉപഭോക്താക്കളില്‍ പലരും വാഹനം വാങ്ങുന്നത് നീട്ടിവെച്ചിരിക്കുന്നത് വിപണിക്ക് തിരിച്ചടിയായിരിക്കുകയാണ്.
ജി.എസ്.ടി നിരക്ക് 28 ശതമാനത്തില്‍ നിന്ന് 18 ആക്കണമെന്ന വാഹന വിപണിയില്‍ നിന്നുള്ള നിരന്തര ആവശ്യത്തിന് ഉടനെ ഒരു തീരുമാനം ഉണ്ടാകാനിടയില്ല. ഇന്നലെ ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ ഓട്ടോമോട്ടീവ് കോംപോണന്‍റ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ യോഗത്തില്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. നികുതി നിരക്ക് കുറക്കുന്നത് പല സംസ്ഥാനങ്ങളും ശക്തമായി എതിര്‍ത്ത സാഹചര്യത്തിലാണ് ഇത്. അതിനാല്‍ സെപ്തംബര്‍ 20ന് ഗോവയില്‍ നടക്കുന്ന ജി.എസ്.ടി കൌണ്‍സിലില്‍ നികുതി ഇളവ് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കില്ല. മഹാരാഷ്ട്ര, ഹരിയാന, പശ്ചിമ ബംഗാള്‍ തുടങ്ങി പല സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരിന്‍റെ നികുതി നീക്കത്തെ എതിര്‍ക്കുന്നു. കേരളവും ഇക്കാര്യത്തില്‍ സമാന നിലപാടാണ് പ്രകടമാക്കുന്നത്.
നികുതി നഷ്ടം കേന്ദ്രസര്‍ക്കാരിന് വഹിക്കാന്‍ കഴിയുമെങ്കിലും സംസ്ഥാനങ്ങള്‍ക്ക് താങ്ങാനാകില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ളവരുടെ നിലപാട്. ജി.എസ്.ടി കൌണ്‍സിലില്‍ അംഗങ്ങളായ ധനമന്ത്രിമാരോടും നികുതി ഇളവ് വിഷയത്തില്‍ ആവശ്യമുന്നയിക്കണമെന്ന് അനുരാഗ് ഠാക്കൂര്‍ യോഗത്തില്‍ പറഞ്ഞു. എന്നാല്‍ നികുതി ഇളവ് വാഹനങ്ങളുടെ വിലയിലും കുറവ് വരുത്തുന്നതിനാല്‍ വാഹനം വാങ്ങുന്നത് ഉപഭോക്താക്കളില്‍ പലരും നീട്ടി വച്ചിരിക്കുന്നത് വിപണിയിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്. വരാന്‍ പോകുന്ന ദീപാവലി അടക്കമുള്ള ആഘോഷ സീസണുകളിലാണ് വാഹന വിപണിയുടെ പ്രതീക്ഷ. എന്നാല്‍ പ്രതിസന്ധി നീണ്ടു നില്‍ക്കുകയാണെങ്കില്‍ വലിയ തൊഴില്‍നഷ്ടം ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് വിദഗ്ധര്‍ നല്‍കുന്നത്.