Association Europe India Pravasi Switzerland World

കരുണയുടെ കരം തേടി ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് “സ്‌നേഹ സ്‌പർശം “ചാരിറ്റി പ്രൊജക്ടുമായി ജനഹൃദയങ്ങളിലേക്ക്

കോവിഡ് എന്ന മഹാമാരി വിട്ടൊഴിയാതെ ലോകജനതയുടെ മുൻപിൽ ഭീതിനൽകി നിൽക്കുകയാണിപ്പോഴും ..ജനജീവിതം സാധാരണരീതിയിൽ പോകുന്നെങ്കിലും ഏതുനിമിഷവും കോവിഡിലകപ്പെടാം എന്ന ഭയത്തോടെയാണിപ്പോൾ ജനജീവിതം മുന്നോട്ടു പോകുന്നത് ..

ഈ മഹാമാരി പോലെ മറ്റൊന്നായിരുന്നു കേരളക്കരയെ കണ്ണീരിലാഴ്ത്തിയ പ്രളയ ദുരന്തം …ഗ്രൂപ്പിലെ ഒരംഗം നടത്തിയ ചെറിയ ഒരു ആശയത്തിൽനിന്നും അതിന്റെ ആവശ്യകത ഉൾക്കൊണ്ടുകൊണ്ടാണ് ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് തൊടുപുഴക്കടുത്തുള്ള മലയിഞ്ചിയിലെ “സ്വപ്നക്കൂട്” എന്ന ചാരിറ്റി പ്രോജക്ടിന് പ്രളയകാലത്ത് തുടക്കമിട്ടത് …ഗ്രൂപ്പ് അംഗങ്ങളുടെയും ഉദാരമനസ്കരായ സ്വിസ് മലയാളികളുടെയും സഹായത്താൽ തുക സമാഹരിക്കുകയും സ്ഥലം വാങ്ങി വീട് നിർമ്മിച്ച് നൽകുകയും ചെയ്തത് ചാരിതാർഥ്യം നൽകുന്നതാണ് .. ,

ചാരിറ്റി എന്ന പുണ്യപ്രവർത്തി മനസാക്ഷി ഉള്ള മനുഷ്യന് മറ്റുള്ളവർക്ക് നൽകാവുന്ന ഒരു കൈതാങ്ങാണ്. പ്രതിഫലമോ പ്രസിദ്ധിയോ ആഗ്രഹിക്കാതെ സഹായം ചെയ്യുന്നതിലാണ് കാരുണ്യമുള്ളത് .സാമൂഹിക പ്രതിബദ്ധതയോടുകൂടിയ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നതിന്റെ ഭാഗമായി ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് അടിയന്തര പ്രാധാന്യത്തോടെ “സ്നേഹ സ്‌പർശം” എന്ന ചാരിറ്റി പ്രവർത്തനത്തിന് തുടക്കമിടുകയാണ് .മനുഷ്യസ്നേഹിയായ ലോകപ്രസിദ്ധ മജിഷ്യൻ ശ്രീ.ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റുമായി സഹകരിച്ചുകൊണ്ടു “ഭിന്നശേഷിയുള്ള ” കുട്ടികൾക്കായി ഉപജീവനമാർഗം കണ്ടെത്തുക എന്നുള്ളതാണ് ഈ കരുണ്യ പ്രവർത്തിയിലൂടെ ലക്‌ഷ്യം വെക്കുന്നത് .

തന്റെ പ്രചോദനാത്മകമായ സംസാരത്തിലൂടെ എല്ലാവരെയും ആകർഷിക്കുന്ന, സമൂഹത്തിലെ പുഴുക്കുത്തുകൾക്കെതിരെ മാജിക്കിലൂടെ ബോധവല്ക്കരണം നടത്തുന്ന ലോകപ്രസിദ്ധ മജിഷ്യൻ ശ്രീ. മുതുകാട് എറ്റെടുത്ത വലിയ ഒരു മനുഷ്യസ്നേഹപ്രവർത്തനങ്ങളാണ് ഇന്ന് മഹാമാരിയിൽ പ്രതിസന്ധിയിലായിരിക്കുന്നത്. മനുഷ്യസ്നേഹത്തിന്റെയും, സേവനത്തിന്റെയും പാതയിൽ പോകുന്ന പലരും പ്രതിസന്ധിയിലകപ്പെട്ട് പാതിവഴിയിൽ പകച്ച് നിൽക്കുന്ന കാഴ്ച സർവ്വസാധാരണമാണ്. ഇത്തരത്തിലുള്ള ഒരു പ്രതിസന്ധിയിലാണ് മാജിക് പ്ലാനറ്റിലേയും ആർട്ട് സെന്ററിലെ അന്തേവാസികളായ ഭിന്നശേഷിയുള്ള നിരവധി കുട്ടികളും .

പങ്കുവയ്ക്കുന്നവരാകാൻ ഒരുപാട് സമ്പത്തൊന്നും വേണ്ട, കരുണയുള്ള ഹൃദയം മതി. കരുതിവെച്ചതും, സമ്പാദിച്ചതും ഒന്നും ഒന്നിനുമല്ല എന്ന് എവരേയും പഠിപ്പിച്ച ഈ കൊറോണാക്കാലത്ത് ഭിന്നശേഷിയുള്ള ഈ കുട്ടികളെ സഹായിക്കുവാൻ നമ്മൾക്ക് മുന്നിട്ടിറങ്ങാം .താഴെ കൊടുത്തിരിക്കുന്ന പോസ്റ്ററിൽനിന്നും കൂടുതൽ വിവരങ്ങൾ മനസിലാക്കാവുന്നതാണ് ..അതുപോലെ താഴെക്കൊടുത്തിരിക്കുന്ന വീഡിയോ പൂർണ്ണമായി കേൾക്കണമെന്ന് താല്പര്യപ്പെടുന്നു ..നിങ്ങളുടെയും സുഹൃത്തുക്കളുടെയും ഉദാരമായ സംഭാവനകൾ പോസ്റ്ററിൽ കൊടുത്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് അയക്കാവുന്നതാണ് ..സംഭാവനകൾ അയക്കുമ്പോൾ “സ്നേഹസ്പർശം ചാരിറ്റി” എന്നുകൂടി എഴുതുവാൻ ശ്രദ്ധിക്കുമല്ലോ …എല്ലാവരുടെയും പൂർണ്ണമായ സഹകരണം അഭ്യർത്ഥിച്ചുകൊണ്ട് ,

ഹലോ ഫ്രണ്ട്‌സ് ഗവേണിങ് ബോഡിക്കുവേണ്ടി
വിൻസെന്റ് പറയംനിലം
+41 76 343 31 07
(ചീഫ് കോർഡിനേറ്റർ,
സ്നേഹസ്പർശം ചാരിറ്റി പ്രോജക്ട് )