അസമിൽ 8 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി. കർബി നാഗോൺ ജില്ലകളിൽ നിന്നുമാണ് മയക്കുമരുന്ന് പിടികൂടിയത്. വിവധ സംഭവത്തിൽ 2 പേർ പിടിയിലായി.
കർബി ദിമാപൂർ സൺഡേ ബസാർ റോഡിലൂടെ ചിലർ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 6 കോടിയുടെ ഹെറോയിൻ പിടികൂടിയത്. മയക്കുമരുന്നുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ പൊലീസിന് നേരെ വെടിയുതിർത്തു.
തുടർന്ന് പൊലീസും തിരിച്ച് വെടിവെച്ചു. വെടിവയ്പിൽ ഒരാൾക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാളിൽ നിന്നും 7.65 എം എം പിസ്റ്റളും 20 വെടിയുണ്ടകളും കണ്ടെടുത്തു. ബാക്കിയുള്ളവരെ പിടികൂടാൻ തിരച്ചിൽ തുടരുകയാണ്. രണ്ട് പേർ നാഗാലാൻഡിലേക്ക് രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.
നാഗോൺ നോനോയിയിൽ കാറിൽ കടത്താൻ ശ്രമിച്ച 2 കോടിയുടെ ഹെറോയിനാണ് പിടികൂടിയത്. മണിപ്പൂരിലെ പിടികിട്ടാപ്പുള്ളി ആർ കെ ഹോപ്പിംഗ്‌സാണ് അറസ്റ്റിലായത്. ദിമാപൂരിൽ നിന്ന് നാഗോണിലേക്ക് ഇയാൾ മയക്കുമരുന്ന് കടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.