India National Weather

മുംബൈയില്‍ അതിതീവ്രമഴ, കാറ്റ്, വെള്ളപ്പൊക്കം: വീടിനുള്ളില്‍ തന്നെ കഴിയണമെന്ന് ജനങ്ങളോട് പൊലീസ്

2005 നു തുല്യമായ വെള്ളപ്പൊക്ക ഭീഷണിയാണ് നഗരമിപ്പോള്‍ അനുഭവിക്കുന്നത്.

കനത്തമഴയില്‍ വലഞ്ഞിരിക്കുകയാണ് മുംബൈ നഗരവും നഗരത്തിലെ ജനങ്ങളും. മുംബൈയിലും പരിസരപ്രദേശങ്ങളിലും കനത്തമഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ എല്ലാവരും വീടിനുള്ളില്‍ തന്നെ കഴിയണമെന്നാണ് ജനങ്ങള്‍ക്ക് പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്. 2005 നു തുല്യമായ വെള്ളപ്പൊക്ക ഭീഷണിയാണ് നഗരമിപ്പോള്‍ അനുഭവിക്കുന്നത്. റെയില്‍വെ ട്രാക്കുകളും റോഡുകളും വെള്ളത്തിനടിയിലായതിനാല്‍ റോഡ്, റെയില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്.

അതിതീവ്രമഴ പ്രവചിച്ച സാഹചര്യത്തില്‍ മുംബൈയിലും മഹാരാഷ്ട്രയിലെ മറ്റു ചില പ്രദേശങ്ങളിലും ഇന്നും റെഡ് അലര്‍ട്ടാണ്. മുംബൈയ്ക്ക് പുറമേ താനെ, പാല്‍ഘര്‍, റായ്ഘട്ട്, നാസിക് തുടങ്ങിയ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. താനെ, പാല്‍ഘര്‍, നാസിക് എന്നി ജില്ലകളില്‍ നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ മുതല്‍ നഗരത്തിന്‍റെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിന്‍റെ അടിയിലാണ്. ഇന്നും കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ നഗരത്തില്‍ വെളളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. ജനങ്ങള്‍ക്ക് പുറത്ത് ഇറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. വസായ്- വിരാര്‍ മേഖലയിലാണ് ജനങ്ങള്‍ ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത്.

നാളെയോടെ മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകൂട്ടല്‍. ദേശീയ ദുരന്തനിവാരണ അതോറിറ്റി ദുരിതബാധിത പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.