India National

കനത്ത കാറ്റും മഴയും: ഉത്തരേന്ത്യയില്‍ 31 പേര്‍ മരിച്ചു

കനത്ത കാറ്റിലും മഴയിലും ഉത്തരേന്ത്യയില്‍ 31 പേര്‍ മരിച്ചു. മധ്യപ്രദേശില്‍ 16 പേരും രാജസ്ഥാനില്‍ ആറ് പേരും ഗുജറാത്തിലും 9 പേരുമാണ് മരിച്ചത്. ഗുജറാത്തില്‍ മഴക്കെടുതിയില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും മാത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചത് വിവാദമായി. കോണ്‍ഗ്രസ് വിമര്‍ശനമുയര്‍ത്തിയതോടെ മറ്റ് സംസ്ഥാനങ്ങളില്‍ മഴക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് കൂടി സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

രാജസ്ഥാനിലെ അജ്മേര്‍, കോട്ട അടക്കമുള്ളിടങ്ങളിലാണ് കനത്ത മഴയും പിന്നാലെ കൊടുങ്കാറ്റുമുണ്ടായത്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും അറബിക്കടലില്‍ നിന്നും ഉടലെടുത്ത കാറ്റാണ് കനത്ത് മഴക്ക് ഇടയാക്കിയതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജസ്ഥാന്‍റെ പടിഞ്ഞാറന്‍ മേഖലയിലെ വിവിധ ഭാഗങ്ങളില്‍ കാറ്റില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്.

ഗുജറാത്തില്‍ 9 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. പ്രധാനമന്ത്രി പങ്കെടുക്കാനിരിക്കുന്ന സബര്‍കാന്തയിലെ സ്റ്റേജിന്‍റെ ഒരുഭാഗവും കാറ്റില്‍ തകര്‍ന്നു. വടക്കന്‍ ഗുജറാത്തിലാണ് നാശനഷ്ടങ്ങള്‍ ഏറെയും ഉണ്ടായത്. രണ്ട് ദിവസങ്ങളിലായി ഉണ്ടായ കാറ്റില്‍ 16 പേരാണ് മധ്യപ്രദേശില്‍ മാത്രം മരിച്ചത്. വ്യാപക നാശനഷ്ടവും സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. മണിപൂരിലും മൂന്ന് പേര്‍ കാറ്റിലും മഴയിലും മരിച്ചിട്ടുണ്ടാണ് റിപ്പോര്‍ട്ട്.

കേന്ദ്ര ആരോഗ്യ സെക്രട്ടറിയോട് എല്ലാ സഹായങ്ങളും ലഭ്യമാക്കാന്‍ അറിയിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ പറഞ്ഞു. മഴക്കെടുതിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ ഗുജറാത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. എന്നാല്‍ മോദി ഗുജറാത്തിന്‍റെയാണോ ഇന്ത്യയുടെയാണോ പ്രധാനമന്ത്രിയെന്ന് വ്യക്തമാക്കണമെന്ന വിമര്‍ശനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രംഗത്തെത്തി.

മധ്യപ്രദേശിലുള്ളത് ബി.ജെ.പി സര്‍ക്കാര്‍ അല്ലെങ്കിലും ഇവിടെയുള്ളതും മനുഷ്യന്‍മാരാണെന്ന് ഓര്‍ക്കണമെന്നും കമല്‍ നാഥ് ട്വീറ്റ് ചെയ്തു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ കാറ്റിലും മഴയിലും ദുരന്തമുണ്ടായ രാജസ്ഥാന്‍, മധ്യപ്രദേശ്, മണിപൂര്‍ എന്നിവിടങ്ങളില്‍ കൂടി പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു.