തമിഴ്നാട്ടില്‍ ശക്തമായ മഴയില്‍ മരണം ഇരുപതായി. കോയമ്പത്തൂരില്‍ മണ്ണിടിച്ചിലില്‍ കെട്ടിടം തകര്‍ന്ന് 15 പേരാണ് മരിച്ചത്. ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ അധ്യക്ഷതയിൽ ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം ചേരും.
2015ലെ പ്രളയത്തിന് ശേഷം തമിഴ്നാട്ടിൽ ആദ്യമായാണ് ശക്തമായ മഴ ലഭിക്കുന്നത്. തിരുവണ്ണാമലൈ, വെല്ലൂർ, രാമനാഥപുരം, തിരുനെൽവേലി, തൂത്തുക്കുടി, തിരുവള്ളൂർ ജില്ലകളിൽ അടുത്ത 24 മണിക്കൂർ നേരത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ 20 സെന്റിമീറ്ററിൽ അധികം മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചെന്നൈ ഉൾപ്പെടെയുള്ള ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തൂത്തുക്കുടി ജില്ലയിലെ സാത്താളത്താണ് കൂടുതൽ മഴ ഇതുവരെ രേഖപ്പെടുത്തിയത്. 19 സെന്റീമീറ്റർ. കടലൂർ ജില്ലയിലെ കുറിഞ്ചിപ്പാടിയാണ് രണ്ടാം സ്ഥാനത്ത്.17 സെന്റീമീറ്റർ.
തീരദേശ മേഖലകളായ കടലൂരിൽ നാലും തിരുനെൽവേലിയിൽ രണ്ടും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ചെന്നൈ നഗരത്തിലെ മുടിചൂർ, താമ്പ്രം, പള്ളിക്കരണി, മേട വാക്കം, മടിപ്പാക്കം, ആദമ്പാക്കം മേഖലകളിലെ രണ്ടായിരത്തോളം വീടുകളിൽ വെള്ളം കയറി. ചെമ്പരമ്പാക്കം, മധുരാന്തകം നദികൾ കരകവിഞ്ഞ് ഒഴുകിയതിനാലാണിത്. ഇവിടങ്ങളിലെ കുടുംബങ്ങളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കടലൂർ ജില്ലയിലെ 25 കുടുംബങ്ങളെ എസ്.ഡി.ആർ.എഫ് എത്തിയാണ് മാറ്റിയത്.
ചെന്നൈ ഉൾപ്പെടെ പതിനാല് ജില്ലകളിലെ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മദ്രാസ്, അണ്ണാ സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഊട്ടിയിൽ മണ്ണിടിച്ചിൽ വ്യാപകമായതിനാൽ പർവത തീവണ്ടി സർവീസ് മൂന്നു ദിവസത്തേക്ക് നിർത്തിവച്ചു. രണ്ടു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.