India National

മുംബൈയിൽ 2005നു ശേഷം പെയ്യുന്ന ഏറ്റവും ശക്തമായ മഴ: ലോക്കൽ ട്രെയിൻ സർവീസ് നിർത്തി; ഓഫീസുകൾ അടച്ചു

മുംബൈയിൽ ശക്തമായ മഴ. 2005നു ശേഷം പെയ്യുന്ന ഏറ്റവും ശക്തമായ മഴയിൽ കനത്ത നാശനഷ്ടമാണ് മുംബൈയിൽ ഉണ്ടായിരിക്കുന്നത്. കനത്ത മഴയും മണ്ണിടിച്ചിലും ട്രാക്കുകൾ തകർത്തതോടെ മുംബൈയിലെ ലോക്കൽ ട്രെയിനുകൾ സർവീസ് നിർത്തി. അടിയന്തിര സേവനങ്ങളൊഴികെയുള്ള ഓഫീസുകളെല്ലാം അടച്ചു. ഇന്നും നാളെയും മുംബൈയിൽ റെഡ് അലേർട്ട് ആണ്. മുംബൈയെ കൂടാതെ, താനെ, പൂനെ, റൈഗാഡ്, രത്നഗിരി ജില്ലകളിലും മഴ തുടരുകയാണ്.

രണ്ട് ലോക്കൽ ഷട്ടിൽ ട്രെയിൻ സർവീസുകൾ മാത്രമാണ് ഇപ്പോൾ മുംബൈയിൽ നടക്കുന്നത്. വാശി-പൻവേൽ, താനെ-കല്യാൺ എന്നീ സർവീസുകൾ ഒഴികെയുള്ളവയെല്ലാം സർവീസ് നിർത്തി. ബ്രിഹാൻമുംബൈ ഇലക്ട്രിസിറ്റി സപ്ലേ ആൻഡ് ട്രാൻസ്‌പോർട്ട് ബസ് സർവീസുകൾ പല റൂട്ടുകളും റദ്ദാക്കി.

തിങ്കളാഴ്ച രാവിലെ 8 മണി മുതൽ ഇന്ന് രാവിലെ 6 മണി വരെയുള്ള സമയത്ത് മുംബൈ സിറ്റിയിൽ മാത്രം പെയ്തത് 230.06 മില്ലിമീറ്റർ മഴയാണ്. കിഴക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങളിൽ 162 മില്ലിമീറ്ററിനു മുകളിൽ മഴ ലഭിച്ചു.