India National

കൊവിഡ് പ്രതിരോധം; രാജ്യം മികച്ച നിലയിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

കൊവിഡ് പ്രതിരോധത്തില്‍ രാജ്യം മികച്ച നിലയിലാണെന്നും, 22 സംസ്ഥാനങ്ങളിലെ മരണനിരക്ക് ദേശീയ നിരക്കിനേക്കാള്‍ താഴെയാണെന്നും ആരോഗ്യ മന്ത്രാലയം. രണ്ട് തദ്ദേശ വാക്‌സിനുകള്‍ പരീക്ഷണഘട്ടത്തിലാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് സാഹചര്യത്തില്‍ അമര്‍നാഥ് തീര്‍ത്ഥാടനം മാറ്റിവച്ചു. അതേസമയം, രാജ്യത്ത് കൊവിഡ് മരണങ്ങള്‍ 28,000വും, രോഗബാധിതരുടെ എണ്ണം പതിനൊന്നര ലക്ഷവും കടന്നു.

രാജ്യത്തെ മരണനിരക്ക് 2.43 ശതമാനമായി കുറഞ്ഞുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗമുക്തി നിരക്ക് 62.72 ശതമാനമായി ഉയര്‍ന്നു. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം കാര്യമാക്കേണ്ടതില്ല. ചികിത്സയിലുള്ളവരുടെ കണക്കിനാണ് പ്രാമുഖ്യം. നാല് ലക്ഷത്തില്‍പ്പരം ആള്‍ക്കാരാണ് ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കേസുകളുടെ 62.53 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 4,965 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 75 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ പോസിറ്റീവ് കേസുകള്‍ 180,643 ആയി. കര്‍ണാടകയില്‍ രോഗവ്യാപനം രൂക്ഷമാണ്. ബംഗളൂരുവില്‍ മാത്രം 1,714 പുതിയ കേസുകളും 22 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തില്‍ കൊവിഡ് കേസുകള്‍ അരലക്ഷം കടന്നു.