India National

സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് സാം പിത്രോദ നടത്തിയ വിവാദ പ്രസ്താവന തള്ളി രാഹുല്‍

സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവാസി വിഭാഗം മേധാവി സാം പിത്രോദ നടത്തിയ വിവാദ പ്രസ്താവന തള്ളി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. സാം പിത്രോദ പരിധികൾ ലംഘിച്ചു. പരാമർശത്തിൽ പിത്രോദ മാപ്പു പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പിത്രോദയുടെ പരാമർശം ബി.ജെ.പി ആയുധമാക്കിയതോടെയാണ് കോൺഗ്രസ് നീക്കം.

സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് സംഭവിച്ചത് സംഭവിച്ചുവെന്ന് അര്‍ഥം വരുന്ന ഹുവ തോ ഹുവ എന്ന പിത്രോദയുടെ പരാമര്‍ശം കോണ്‍ഗ്രസിന് തലവേദനയായതോടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. സാം പിത്രോദ പരിധികൾ ലംഘിച്ചു. പരാമർശത്തിൽ തീർച്ചയായും മാപ്പു പറയണം. സിഖ് കൂട്ടക്കൊല വലിയ വേദനയുണ്ടാക്കിയതാണ്. നീതി ലഭിക്കണം. കുറ്റക്കാർ ശിക്ഷിക്കപ്പെടണം. മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗും തന്റെ മാതാവ് സോണിയ ഗാന്ധിയും മാപ്പു പറഞ്ഞതാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്ന കോൺഗ്രസ് നിലപാട് വ്യക്തമാണ്.

പ്രസ്താവന എല്ലാ പരിധികളും ലംഘിക്കുന്നതാണെന്ന് സാം പിത്രോദയെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. പിത്രോദയുടെ പ്രസ്താവന കോണ്‍ഗ്രസിന്റെ മാനസികാവസ്ഥയാണ് വെളിവാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. അതേസമയം, വാക്കുകള്‍ ബി.ജെ.പി വളച്ചൊടിക്കുകയായിരുന്നുവെന്നാണ് പിത്രോദയുടെ വിശദീകരണം.