India National

ഹാഥ്റസില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന ഫോറന്‍സിക് റിപ്പോർട്ട് ചോദ്യം ചെയ്ത ഡോക്ടര്‍മാരെ പുറത്താക്കി

ഹാഥ്റാസ് ബലാത്സംഗ കൊലപാതക കേസില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന പൊലീസ് വാദത്തെ എതിർത്ത ഡോക്ടർമാർക്കെതിരെ നടപടി. ഡോക്ടർമാരായ മുഹമ്മദ് അസിമുദ്ദീന്‍ മാലിക്, ഒബൈദ് ഹഖ് എന്നിവരെ പുറത്താക്കി. ഇരുവരും സ്ഥിരം ഡോക്ടർമാരല്ലെന്നും അവധിയില്‍ പോയ ഡോക്ടർമാർ തിരിച്ചെത്തിയതോടെ ഒഴിവ് ഇല്ലാതായി എന്നുമാണ് അലിഗഢ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം.

ഹാഥ്റാസ് ബലാത്സംഗ കൊലപാതക കേസില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന ഫോറന്‍സിക് റിപ്പോർട്ട് ചോദ്യം ചെയ്ത ഡോക്ടർമാരെയാണ് ജോലിയില്‍ നിന്നും പുറത്താക്കിയത്. ഡോക്ടർമാരായ മുഹമ്മദ് അസിമുദ്ദീന്‍ മാലിക്, ഒബൈദ് ഹഖ് എന്നിവർക്കാണ് സേവനം അവസാനിപ്പിച്ചതായി കാണിച്ച് നോട്ടീസ് നല്‍കിയത്.

ബലാത്സംഗം നടന്നതിന്‍റെ ലക്ഷണങ്ങളുണ്ടെന്ന് വ്യക്തമാക്കിയ മെഡിക്കല്‍ ലീഗല് കേസ് റിപ്പോർട്ട് സാക്ഷ്യപ്പെടുത്തിയത് ഡോ. ഒബൈദ് ഹഖ് ആയിരുന്നു. ഡോ. മുഹമ്മദ് അസിമുദ്ദീന്‍ മാലിക് സംഭവത്തിന് ശേഷം 11 ദിവസം കഴിഞ്ഞാണ് ഫോറന്‍സിക് പരിശോധനക്കുള്ള സാമ്പിള്‍ ശേഖരിച്ചതെന്ന് വ്യക്തമാക്കിയിരുന്നു.

ഇരുവർക്കും എതിരായ നടപടി വൈസ് ചാന്‍സലറുടെ നിർദേശപ്രകാരമാണ് എന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസർ പറയുന്നത്. എന്നാല്‍ ഒരു ഡോക്ടറെയും സസ്‍പെന്‍ഡ് ചെയ്തിട്ടില്ലെന്നാണ് അലിഗഢ് ആശുപത്രി അധികൃതരുടെ വിശദീകരണം. ആശുപത്രിയിലെ ഡോക്ടർമാരില്‍ ചിലർ അവധിയില്‍ പ്രവേശിച്ചതിനെ തുടർന്നാണ് ഇരുവരെയും നിയമിച്ചത്. അവധി കഴിഞ്ഞ് ഡോക്ടർമാർ തിരിച്ചെത്തിയതിനാല്‍ ഇരുവരുടെയും സേവനം ആവശ്യമില്ലെന്നാണ് വിശദീകരണം.