ന്യൂഡൽഹി: രാഹുൽ ഗാന്ധി അധ്യക്ഷപദവി ഒഴിഞ്ഞതിനു പിന്നാലെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഹരീഷ് റാവത്തും രാജിവെച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി.
മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ ഹരീഷ് റാവത്ത് അഞ്ച് തവണ പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടാം യു.പി.എ മന്ത്രിസഭയിൽ ജലവിഭവ മന്ത്രിയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നൈനിത്താളിൽ നിന്ന് മത്സരിച്ച അദ്ദേഹം ഉത്തരാഖണ്ഡ് ബി.ജെ.പി പ്രസിഡണ്ട് അജയ് ഭട്ടിനോട് മൂന്ന് ലക്ഷത്തിലേറെ വോട്ടുകൾക്ക് തോറ്റു.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ, കോൺഗ്രസ് അധികാരത്തിലെത്തുകയാണെങ്കിൽ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന ഹരീഷ് റാവത്തിന്റെ പരാമർശം വിവാദമായിരുന്നു. രാമക്ഷേത്ര വിഷയത്തിൽ ബി.ജെ.പി രാഷ്ട്രീയം കളിക്കുക മാത്രമാണ് ചെയ്യുന്നതെന്നും മുമ്പ് രണ്ട് തവണ രാമക്ഷേത്രമുണ്ടാക്കാൻ കോൺഗ്രസ് ആത്മാർത്ഥമായി പരിശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം ഡെറാഡൂണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.