അധികാര പങ്കിടലും പുതിയ സർക്കാർ രൂപീകരിക്കുന്നതും സംബന്ധിച്ച് ഭരണകക്ഷിയായ ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതുവരെ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന് കാണിച്ച് കര്‍ഷകന്‍ രംഗത്ത്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നിന്നുള്ള ഒരു കർഷകനാണ് വ്യത്യസ്ത പരിഹാരവുമായി രംഗത്തുവന്നിരിക്കുന്നത്. കെജ് താലൂക്കിലെ വാഡ്‌മൗലി നിവാസിയായ കർഷകന്‍ ശ്രീകാന്ത് വിഷ്ണു ഗഡാലെയാണ് വ്യാഴാഴ്ച ബീഡ് കലക്ടർ ഓഫീസിന് സമർപ്പിച്ച കത്തില്‍ ഇക്കാര്യം അറിയിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മുഖ്യമന്ത്രി പദവി സംബന്ധിച്ച തര്‍ക്കം ശിവസേനയും ബി.ജെ.പിയും ഇതുവരെ പരിഹരിച്ചിട്ടില്ലെന്നും ശ്രീകാന്ത് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
“2019 അസംബ്ലി തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നിട്ട് ദിവസങ്ങളായെങ്കിലും മുഖ്യമന്ത്രിപദത്തെച്ചൊല്ലി ശിവസേനയും ബി.ജെ.പിയും ഇനിയും തീരുമാനത്തിലെത്തിയിട്ടില്ല. വിളവെടുപ്പിനു തൊട്ടുമുമ്പ് കാലംതെറ്റിയുള്ള മഴയടക്കമുള്ള പ്രകൃതിദുരന്തങ്ങൾ കൃഷി നശിപ്പിച്ചു. ദുരന്തങ്ങൾ കാരണം കർഷകർ വിഷമത്തിലാണ്. കർഷകർ ബുദ്ധിമുട്ടുമ്പോഴും ശിവസേനക്കും ബി.ജെ.പിക്കും മുഖ്യമന്ത്രിപദത്തെപ്പറ്റിയുള്ള തർക്കം പരിഹരിക്കാൻ കഴിയുന്നില്ല. അക്കാരണത്താൽ ഗവർണർ മുഖ്യമന്ത്രിപദം എനിക്ക് കൈമാറണം. കർഷകരുടെ പ്രശ്‌നം പരിഹരിക്കാനും അവർക്ക് നീതിനൽകാനും എനിക്കു കഴിയും.” ശ്രീകാന്ത് കത്തില്‍ പറയുന്നു.
കർഷകരുടെ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്നും അവര്‍ക്ക് എങ്ങനെ നീതി നേടി കൊടുക്കണമെന്നും താന്‍ കാണിച്ചു കൊടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണകൂടം അദ്ദേഹത്തിന്റെ കത്ത് ശ്രദ്ധിച്ചില്ലെങ്കിൽ ജനാധിപത്യ മാർഗങ്ങളിലൂടെ പ്രതിഷേധിക്കുമെന്നും കർഷകൻ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പദവി രണ്ടര വർഷം തങ്ങള്‍ക്ക് നല്‍കണമെന്നാണ് ശിവസേനയുടെ ആവശ്യം.