India National

ആസിഡ് ആക്രമണത്തെ അതിജീവിച്ച ഹാജിദക്ക് ഇനി വേണ്ടത് ഒരു കുഞ്ഞുവീട്..

2014 മാർച്ചിൽ, ഹാജിദയും ഉമ്മ സെറീനയും സാധാരണ പോലെ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് അയൽക്കാരനായ സുഭാനിയുടെ ആസിഡ് ആക്രമണം നടന്നത്. ഒരു ബക്കറ്റ് നിറയെ ആസിഡുമായി വന്ന സുഭാനി അത് ഹാജിദയുടെ മേല്‍ ഒഴിക്കുകയായിരുന്നു.

സംഭവം നടക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ഹാജിദയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി വിവാഹിതനും കുട്ടികളുമുള്ള സുഭാനി ഹാജിദയുടെ കുടുംബത്തെ സമീപിച്ചിരുന്നു. ഈ ആവശ്യം കുടുംബം നിരസിക്കുകയും ചെയ്തു. എന്നാല്‍ വിവാഹ അഭ്യര്‍ത്ഥനയുമായി സുഭാനി ഹാജിദയെ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. ഒടുവില്‍ വഴങ്ങില്ലെന്ന് ബോധ്യമായതോടെ ആസിഡ് ആക്രമണം നടത്തി.

ക്രൂരമായ ആക്രമണത്തില്‍ ഹാജിദക്ക് തല മുതല്‍ കാല്‍വിരല്‍ വരെ പൊള്ളലേറ്റു. 60% കാഴ്ച ശക്തിയും നഷ്ടപ്പെട്ടു. മാതാവ് സെറീനക്കും പൊള്ളലേറ്റിരുന്നു. ഹാജിദ ചികിത്സയിലായിരുന്ന സമയത്ത് മാതാവ് മരണപ്പെടുകയും ചെയ്തു. 2014ല്‍ ആറ് ശസ്ത്രക്രിയകള്‍ക്കാണ് ഹാജിദ വിധേയയായത്. ഇനിയും ആറോളം ശസ്ത്രക്രിയകള്‍ ബാക്കിയാണ്. വിവാഹം കഴിഞ്ഞുപോയ സഹോദരി അസ്മയാണ് ഇപ്പോഴും ജോലി ചെയ്ത് ഹാജിദയെ സംരക്ഷിക്കുന്നത്. പിതാവിന് മാസം 1000രൂപ വാര്‍ധക്യ പെന്‍ഷനും ലഭിക്കും. ഇതാണ് കുടുംബത്തിന്റെ ആകെയുള്ള വരുമാനം. ഇതിനിടയില്‍ ചെലവേറിയ ചികിത്സയും മരുന്നുകളും.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നഷ്ടപരിഹാരമായി ലഭിച്ച മൂന്നര ലക്ഷത്തോളം രൂപ മരുന്നുകള്‍ക്കായി തന്നെ ചെലവായി. വീട് നിര്‍മ്മിക്കാനായി സര്‍ക്കാര്‍ സ്ഥലം അനുവദിച്ച് നല്‍കിയിട്ടുണ്ട്. ഇനി അവിടെ കയറിക്കിടക്കാന്‍ ഒരു കുഞ്ഞുവീട് വേണം. അതിനായി ഓണ്‍ലൈന്‍കാമ്പയിന്‍ ( goo.gl/wg2Fuv ) നടക്കുകയാണ്. ആകെ അഞ്ച് ലക്ഷം രൂപയാണ് വേണ്ടത്. രണ്ടര ലക്ഷത്തോളം കാമ്പയിനിലൂടെ കണ്ടെത്താനായിട്ടുണ്ട്. സുമനസുകളുടെ സഹായത്താല്‍ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.