India National

ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ നീതി ലഭിക്കണം; ധർണ്ണയുമായി മുസ്ലിംലീ​ഗ് എംപിമാർ

ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ നീതി നടപ്പിലാക്കണമന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ്.ആരാധനാലയ സംരക്ഷണ നിയമം പരിരക്ഷിക്കണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ലീഗ് എംപിമാർ പാർലമെൻ്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണ്ണ നടത്തി.

വാരാണസി ജില്ലാ കോടതിവിധിക്ക് പിന്നാലെ വാരാണസിയിലെ ഗ്യാൻവ്യാപി മസ്ജിദിന്റെ ബേസ്മെന്റിൽ ഇന്ന് പുലർച്ചെ വീണ്ടും പൂജ നടന്നു. ഇന്നലെ കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരി പള്ളിയുടെ തെക്ക് ഭാഗത്തുള്ള നിലവറകളിൽ പൂജ നടത്തിയിരുന്നു.

പള്ളിക്ക് താഴെ തെക്കുഭാഗത്തുള്ള നിലവറയില്‍ ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളുണ്ടെന്നും ഇവിടെ പൂജക്ക് അനുമതി വേണമെന്നും ആവശ്യപ്പെട്ടാണ് വിവിധ ഹൈന്ദവ സംഘടനകള്‍ കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി, ശ്രീ കാശിവിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് നിര്‍ദേശിക്കുന്ന പൂജാരിക്ക് ഇവിടെ പൂജ നടത്താമെന്ന് അനുമതി നല്‍കുകയായിരുന്നു. തുടർന്നായിരുന്നു പൂജ നടന്നത്.

അതേസമയം, ഗ്യാൻവാപി പള്ളിയിൽ പൂജ നടത്താനുള്ള ജില്ലാ കോടതി അനുമതിക്കെതിരെ പള്ളിക്കമ്മറ്റി അലഹബാദ് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. അടിയന്തര വാദം കേൾക്കണമെന്നാണ് പള്ളിക്കമ്മറ്റിയുടെ ആവശ്യം.