കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓൺലൈൻ തട്ടിപ്പ് കേസുകൾ ഇന്ത്യയിൽ ഗണ്യമായ വർദ്ധനവാണ് സംഭവിച്ചിരിക്കുന്നത്. നിരപരാധികളെ കബളിപ്പിച്ച് അവരുടെ കയ്യിൽ നിന്ന് പണം കബളിപ്പിക്കാൻ തട്ടിപ്പുകാർ പുതിയ വഴികളാണ് ഉപയോഗിക്കുന്നത്. ആളുകളെ ഭീഷണിപ്പെടുത്തി എൻസിബി, ഐപിഎസ് ഓഫീസർമാരും പൊലീസുകാരുമായൊക്കെയായി വേഷം കെട്ടിയാണ് ഇപ്പോൾ തട്ടിപ്പുകൾ നടക്കുന്നത്. സമീപകാലങ്ങളിൽ ഇത്തരം നിരവധി കേസുകൾ റിപ്പോർട് ചെയ്യുന്നുമുണ്ട്.
ഇപ്പോൾ ഗുരുഗ്രാമിൽ നിന്നുള്ള ഒരു യുവതിയ്ക്ക് ഓൺലൈൻ തട്ടിപ്പിൽ നിന്ന് 8.3 ലക്ഷം രൂപയാണ് നഷ്ടപെട്ടിരിക്കുന്നത്. യുവതിയ്ക്ക് ഒരു കൊറിയർ കമ്പനിയിൽ നിന്നും തുടർന്ന് ഐപിഎസ് ഉദ്യോഗസ്ഥരിൽ നിന്നും അവളുടെ പേരിൽ എയർപോർട്ടിൽ നിന്ന് കണ്ടുകെട്ടിയ ഒരു പാഴ്സലിനെ കുറിച്ച് കോൾ ലഭിച്ചു.
നിലവിൽ ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്ന ഗുരുഗ്രാമിലെ ഹൗസിംഗ് ബോർഡ് സൊസൈറ്റിയിലെ താമസക്കാരിയായ പ്രാചി ശർമ്മയ്ക്ക് മെയ് 3 ന് ഒരു അജ്ഞാത ഉപയോക്താവിൽ നിന്ന് ഒരു സ്‌കൈപ്പ് കോൾ ലഭിച്ചു. മുംബൈ ക്രൈംബ്രാഞ്ച് ഓഫീസർമാരെന്ന് സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാർ വിളിച്ചത്. ഒരു പാഴ്സലിനെ കുറിച്ച് അവരെ അറിയിക്കുകയും എയർപോർട്ടിൽ അവരുടെ പേരിൽ എത്തിയ പാഴ്സലിൽ മയക്കുമരുന്നും വിദേശ കറൻസിയും ഉണ്ടെന്നും ഇതേ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അവർ യുവതിയോട് പറഞ്ഞു.
പെട്ടെന്നുള്ള കോളിൽ സംശയം തോന്നിയ ഇര കോളറോട് അവരുടെ ഐഡന്റിറ്റിയെക്കുറിച്ച് ചോദിച്ചു. തട്ടിപ്പുകാർ തങ്ങളെ പേര് ബാൽ സിംഗ് രജ്പുത്, സ്മിത പട്ടേൽ എന്ന് പരിചയപ്പെടുത്തുകയും സ്കൈപ്പ് കോളിൽ അവരുടെ തിരിച്ചറിയൽ കാർഡ് കാണിക്കുകയും ചെയ്തു. തുടർന്ന് അവർ ഇരയെ അവളുടെ ബാങ്ക് അക്കൗണ്ട് ആക്സസ് ചെയ്യാൻ അധികാരമുണ്ടെന്ന് അറിയിക്കുകയും അന്വേഷണത്തിൽ സഹകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
പിന്നീട്, ഇര തന്റെ ബാങ്കിന്റെ വിശദാംശങ്ങളും തിരിച്ചറിയൽ രേഖയും കാണിച്ചപ്പോൾ, കള്ളപ്പണം വെളുപ്പിക്കലും മറ്റ് കുറ്റകൃത്യങ്ങളും ആരോപിച്ച് തട്ടിപ്പുകാർ അവളെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി. കേസിൽ നിന്ന് തങ്ങളുടെ പേര് ഒഴിവാക്കുന്നതിന് 8.4 ലക്ഷം രൂപ കൈമാറാൻ അവർ ആവശ്യപ്പെടുകയും ചെയ്തു.
ആരോപണങ്ങൾ ഭയന്ന്, ഇര തന്റെയും കുടുംബത്തിനേയും ഇതിൽ നിന്ന് രക്ഷിക്കുന്നതിനായി തട്ടിപ്പുകാർക്ക് തുക കൈമാറി. പണം ലഭിച്ചപ്പോൾ, തട്ടിപ്പുകാർ ഇരയുമായുള്ള ബന്ധം വിച്ഛേദിക്കുകയും കോളിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. താൻ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ യുവതി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ രാജ്യത്തുടനീളം നിരവധി “പാഴ്‌സൽ മയക്കുമരുന്ന്” കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഇന്ത്യൻ എക്‌സ്‌പ്രസ് പറയുന്നതനുസരിച്ച്, 2023 ഏപ്രിൽ മുതൽ, ഇത്തരം തട്ടിപ്പുകളിൽ നിന്ന് ഇരകൾക്ക് ഏകദേശം 1.5 കോടി രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ, അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകളിൽ സംശയം തോന്നണമെന്നും തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കിടുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. കൂടാതെ, ഓൺലൈൻ സ്‌കാം കേസുകളെ കുറിച്ച് അവബോധം നൽകുകയും ചെയ്യുന്നുണ്ട്. അത്തരം സംഭവങ്ങൾ ജാഗ്രതയോടെ തിരിച്ചറിയാനും കൈകാര്യം ചെയ്യാനും സഹായിക്കും.