India

രഞ്ജിത് സിംഗ് കൊലപാതകക്കേസ്; ഗുർമീത് റാം റഹീം അടക്കം 5 പേർക്ക് ജീവപര്യന്തം

മുൻ മാനേജർ രഞ്ജിത് സിംഗിനെ കൊലപ്പെടുത്തിയ കേസിൽ വിവാദ ആൾദൈവം റാം റഹീം അടക്കം 5 പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഗുർമീതിനൊപ്പം കൃഷ്ണ ലാൽ, ജസ്ബീർ സിംഗ്, അവതാർ സിംഗ്, സബ്ദിൽ എന്നിവർക്കാണ് പഞ്ജ്‌കുല സിബിഐ കോടതി ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്കൊപ്പം പ്രതികൾ പിഴയും ഒടുക്കണം. ഗുർമീതിന് 31 ലക്സ്ഷം രൂപയും മറ്റുള്ളവർക്ക് 50,000 രൂപ വീതവുമാണ് പിഴ. (Gurmeet Ram Sentenced Murder)

2002 ലാണ് രഞ്ജിത് സിംഗിനെ ഗുർമീതും കൂട്ടാളികളും ചേർന്ന് വെടി വച്ച് കൊന്നത്. ഗുർമീത് സ്ത്രീകളെ ചൂഷണം ചെയ്യുന്ന രീതികളെപ്പറ്റി പ്രചരിച്ച കത്തിനു പിന്നിൽ രഞ്ജിത് ആണെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം. തൻ്റെ രണ്ട് ഭക്തകളെ പീഡിപ്പിച്ച കേസിൽ 2017 മുതൽ ഗുർമീത് റോഹ്താങ്കിലെ സുനാരിയ ജയിൽ തടവിലാണ്. 20 വർഷത്തേക്കാണ് തടവ്.

മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ മറ്റൊരു കേസിൽ ഗുർമീത് ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. സ്ത്രീകളെ ചൂഷണം ചെയ്യുന്ന ഗുർമീതിനെപ്പറ്റി ഛത്രപതി എന്ന മാധ്യമപ്രവർത്തകൻ പൂരാ സച്ച് എന്ന തന്റെ പത്രത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് 2002 നവംബർ രണ്ടിന് ഇയാൾ ഛത്രപതിക്ക് നേരെ വെടിയുതിർത്തു. സാരമായ പരുക്കുകളോടെ മാധ്യമപ്രവർത്തകൻ ആശുപത്രിയിലായെങ്കിലും അടുത്ത വർഷം ഇയാൾ മരണപ്പെട്ടു. തുടർന്ന് ഗുർമീതിനെതിരെ കേസെടുക്കുകയായിരുന്നു.