India National

ഗുജറാത്തിലെ ബി.ജെ.പി നേതാവിന്‍റെ കൊല; പ്രതി പാര്‍ട്ടി നേതാവ് തന്നെയെന്ന് പൊലീസ്

ഗുജറാത്തിലെ ബി.ജെ.പി മുന്‍ ഉപാധ്യക്ഷന്‍ ജയന്തിലാല്‍ ഭാനുശാലിയെ വെടിവെച്ച് കൊന്ന കേസില്‍ ബി.ജെ.പി നേതാവ് ഛബില്‍ പട്ടേലിന്‍റെ പങ്ക് പൊലീസ് സ്ഥിരീകരിച്ചു. രാഷ്ട്രീയ വൈരം മൂലം വാടക കൊലയാളികളെ ഉപയോഗിച്ച് കൊല നടത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഛബില്‍ പട്ടേലിന്‍റെ സഹായികളായ നിതിന്‍ പട്ടേല്‍, രാഹുല്‍ പട്ടേല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

അഹമ്മദാബാദിലേക്കുള്ള സായാജി നഗരി എക്സ്പ്രസില്‍ ജനുവരി 8നാണ് ഭാനുശാലി വെടിയേറ്റ് മരിച്ചത്. മുന്‍ ബി.ജെ.പി എം.എല്‍.എ ഛബില്‍ പട്ടേലും ഭാനുശാലിക്കെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ച യുവതിയും ചേര്‍ന്നാണ് കൊല ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. പുനെയില്‍ നിന്നുള്ള വാടക കൊലയാളികളാണ് കൊല നടത്തിയത്. ഫസ്റ്റ് ക്ലാസ് എസി കോച്ചില്‍ കൊല നടത്തിയ ശേഷം ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി കൊലപാതകികള്‍ രക്ഷപ്പെട്ടു. കൊലപാതകത്തിന് പിന്നാലെ ഛബില്‍ പട്ടേല്‍ രാജ്യം വിട്ടു.

നേരത്തെ കോണ്‍ഗ്രസിലായിരുന്ന ഛബില്‍ പട്ടേല്‍ 2012ല്‍ ഭാനുശാലിയെ തോല്‍പ്പിച്ച് എം.എല്‍.എയായി. ഛബില്‍ പട്ടേല്‍ പിന്നീട് ബി.ജെ.പിയില്‍ എത്തിയതോടെ ഇരുവരും തമ്മില്‍ അധികാര വടംവലി തുടങ്ങി. 2017ല്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും ഛബില്‍ പട്ടേല്‍ തോറ്റു. തോല്‍വിക്ക് കാരണം ഭാനുശാലിയാണെന്ന് ആരോപിച്ച ഛബില്‍, ഭാനുശാലിയെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെ ബലാത്സംഗ ആരോപണത്തെ തുടര്‍ന്ന് ഭാനുശാലിക്ക് ഉപാധ്യക്ഷ സ്ഥാനം നഷ്ടമായിരുന്നു.