ഗുജറാത്തിലെ കച്ച്, കണ്ട്‍ല അടക്കമുള്ള തീര പ്രദേശങ്ങളില്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ കനത്ത ജാഗ്രത നിര്‍ദേശം. പാകിസ്താന്‍ പരിശീലനം നേടിയ എസ്.എസ്.ജി കമാന്‍റോകളോ, ഭീകരരോ തീരപ്രദേശങ്ങളിലൂടെ നുഴഞ്ഞ് കയറിയേക്കാമെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. അതേസമയം കറാച്ചിയില്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതായി പാകിസ്ഥാന്‍ സൈനിക വക്താവ് അറിയിച്ചു.
സാമുദായിക കലാപങ്ങളോ ഭീകരാക്രമണോ നടത്താന്‍ പാകിസ്താന്‍ ലക്ഷ്യമിടുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ചെറു ബോട്ടുകളിലൂടെ ഗുജറാത്തിലെ കച്ച് വഴി ഇന്ത്യന്‍ തീരത്ത് എത്തുമെന്നാണ് വിവരം. ഇതിന്‍റെ അടിസ്ഥാനത്തതില്‍ ബിഎസ്എഫ്, കോസ്റ്റ്ഗാര്‍ഡ്, വിവിധ സുരക്ഷ ഏജന്‍സികള്‍ എന്നിവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരപ്രദേശങ്ങളിലെ നിരീക്ഷണം ശക്തമാക്കുകയും ചെയ്തു.
ഗുജറാത്തിലെ മുണ്ട്ര തീരത്തുള്ള കപ്പലുകള്‍ക്ക് വേണ്ട സുരക്ഷ ഏര്‍പ്പെടുത്തിയതായി അദാനി പോര്‍ട്ട്സ് വ്യക്തമാക്കി. അതേസമയം കറാച്ചിയില്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതായി പാകിസ്ഥാന്‍ സൈനീക വക്താവ് അറിയിച്ചു. 290 കിലോമീറ്റര്‍ ദൂര പരിധിയുളള മധ്യദൂര ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചത്. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ഗസ്നവി എന്ന മിസൈലാണിതെന്നും, പരീക്ഷണം വിജയകരമായിരുന്നുവെന്നും പാക് സൈനിക വക്താവ് അറിയിച്ചു.
ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ പാകിസ്താന്‍ ആരോപണ പ്രത്യാരോപണങ്ങള്‍ നിലനില്‍ക്കെ, പാകിസ്താന്‍ മിസൈല്‍ പരീക്ഷണം നടത്തിയത് ഇന്ത്യ ഗൌരവമായാണ് കാണുന്നത്.