എന്റെ രാഷ്ട്രീയ ജീവിതം – ഗോപാല്‍ഗഞ്ചില്‍ നിന്ന് റെയ്സീനാ കുന്നിലേക്ക് എന്ന ആര്.ജെ.ഡി അദ്ധ്യക്ഷന്റെ ആത്മകഥയുടെ കയ്യെഴുത്ത് പ്രതി തയ്യാറാക്കി നില്‍ക്കുകയായിരുന്നു ഞാന്‍. ചില തിരുത്തലുകള്‍ക്ക് വേണ്ടി ലാലുവിനെ നേരില്‍ കാണാന്‍ ഞാന്‍ തീരുമാനിച്ചു. ലാലു അന്ന് മുംബൈയിലെ ഏഷ്യന്‍ ഹേര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂഷനില്‍ ചികിത്സയിലായിരുന്നു. മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയ ഞാന്‍ അവിടെ നിന്ന് ഒരോട്ടോ പിടിച്ച് ഏഷ്യന്‍ ഹേര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂഷനിലേക്ക് തിരിച്ചു. അന്നൊരു ബലിപെരുന്നാള്‍ ദിവസമായിരുന്നു.
ഓട്ടോ ഡ്രൈവറോട് ഞാന്‍ അശുപത്രിയുടെ പേര് പറഞ്ഞു. അശുപത്രിയുടെ പേര് കേട്ടതും അയാള്‍ എന്നോട് ലാലു പ്രസാദ് യാദവ് അവിടെ ചികിത്സയിലാണെന്നും അദ്ദേഹത്തെ അറിയുമോ എന്നും ചോദിച്ചു. എനിക്ക് അശ്ചര്യം തോന്നി. ഞാന്‍ ലാലുവിനെ കാണാനാണ് പോകുന്നെതെന്ന് അയാളോട് പറഞ്ഞു. എന്റെ മറുപടി കേട്ടതും ഉത്തര്‍പ്രദേശുകാരനായ ആ ഓട്ടോക്കാരന് പെട്ടന്ന് ഓട്ടോ ഒരു വശത്തേക്ക് ഒതുക്കി. എന്നിട്ട് എന്നോട് ലാലുവിനെ കാണാന്‍ സഹായിക്കുമോ എന്നും അങ്ങനെ ചെയ്താല്‍ എനിക്ക് വേണ്ടി അയാള്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുമെന്നും പറഞ്ഞു. ഞാന്‍ കുഴങ്ങിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. എന്നെകൊണ്ട് അതിന് സാധിക്കുമോ എന്നെനെക്ക് അറിയില്ല. കുറച്ചുകൂടെ സത്യസന്ധമായി പറഞ്ഞാല്‍ അത് എന്റെ ആവശ്യമല്ലല്ലോ. എന്നിരുന്നാലും അവിടെ നിന്ന് രക്ഷപ്പെടാന്‍ അയാളോട് പേരും ഫോണ്‍ നമ്പരും തന്നാല്‍ ഞാന്‍ അന്വേഷിച്ചിട്ട് വിളിക്കാമെന്ന് പറഞ്ഞു. ഒരു പേപ്പറില്‍ അന്‍സാരി എന്ന പേരും ഫോണ്‍ നമ്പറും എഴുതി തരുമ്പോള്‍ എന്നെ തൃപ്തിപെടുത്താനെന്നവണ്ണം അയാള്‍ പറഞ്ഞു “അമിതാബ് ബച്ചനേയും ലാലുജിയെയും ഒരേസമയം കാണാന്‍ അവസരം ലഭിച്ചാല്‍ ഞാന്‍ ലാലുജിയെ തെരഞ്ഞെടുക്കും” എന്ന്. എന്നെ ആശുപത്രിക്ക് മുന്നില്‍ ഇറക്കുമ്പോള്‍ കാര്യം വീണ്ടും ഓര്‍മിപ്പിച്ചു.
ആശുപത്രിക്കകത്ത് കയറിയപാടെ ഞാന്‍ അന്‍സാരിയുടേ കാര്യം മറന്നിരുന്നു. അവിടെ ലോബിയില്‍ ലാലുവിന്റെ ഒരു സഹായി എന്നെയും കാത്ത് നില്കുന്നുണ്ടായിരുന്നു. അയാള്‍ എന്നെയും കൂട്ടി നാലാം നിലയിലെ ലാലുവിന്റെ അടുത്തേക്ക് നടന്നു. അല്പ സമയത്തിന് ശേഷം എന്റെ എഡിറ്റര്‍മാരായ രൂപയും രുദ്രയും ഞങ്ങളോടൊപ്പം ചേര്‍ന്നു.
ലാലുവിന്റെ ആരോഗ്യ നില വളരെ മോശമായിരുന്നു. രക്ത സമ്മര്‍ദ്ധവും പ്രമേഹവും വില്ലന്മാരായി നിന്നു. ഡോക്ടറും നഴ്സും എന്തെല്ലാം കഴിക്കണമെന്നും കഴിക്കരുതെന്നും പറഞ്ഞു കൊടുക്കുന്നു. എന്നിട്ടും ആശുപത്രി കട്ടിലില്‍ മലര്‍ന്ന്കിടന്ന് രണ്ട് മണിക്കൂറോളം ലാലു ഞങ്ങളോട് സംസാരിച്ചു. അതിനിടയില്‍ ഹരിയാനയിലുള്ള തന്റെ പേരക്കുട്ടികളോട് ഫോണില്‍ സംസാരിച്ച ലാലു ഇടക്കിടെ വന്നുകൊണ്ടിരുന്ന നഴ്സ്മാരോടും കുശലം പറയുകയും ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വൈകിട്ട് ആറ് മണിയോടെ ഞങ്ങള്‍ അവിടെ നിന്ന് തിരിക്കാന്‍ തയ്യാറെടുത്തു. അപ്പോഴാണ് എനിക്ക് അന്‍സാരിയുടെ കാര്യം ഓര്‍മ്മ വന്നത്. ഞാന്‍ കാഷ്വലായി കാര്യം ലാലുവിനോട് സൂചിപ്പിച്ചു. പുറത്ത് ബീഹാറില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ള നേതാക്കള്‍ കാത്തുനില്ക്കുന്നുണ്ടായിരന്നു. പക്ഷെ അന്‍സാരിയുടെ ആഗ്രഹം അറിഞ്ഞ ലാലുവിന് അവരെയൊന്നും കാണാനുള്ള ക്ഷമയുണ്ടായില്ല. എന്റെ കയ്യില്‍ നിന്ന് അന്‍സാരിയുടെ നമ്പര്‍ വാങ്ങി തന്റെ കൂടെ ഉണ്ടായിരുന്ന പാര്‍ട്ടി എം.എല്‍.എ ഭോലാ യാദവിനോട് അന്‍സാരിയെ കണക്റ്റ് ചെയ്യാനും പുറത്ത് നില്ക്കുന്ന നേതാക്കളോട് അടുത്ത ദിവസം വരാനും ആവശ്യപ്പെട്ടു.
ഭോല ഫോണ്‍ വിളിച്ച് ലാലുവിന് കൊടുത്തു. ബലിചെയ്ത ആട്ടിറച്ചിയുമായി വരാന്‍ അന്‍സാരിയോട് ലാലു ആവശ്യപ്പെട്ടു. അര മണിക്കൂറിനുള്ളില്‍ തന്റെ കര്ചീഫില് പൊതിഞ്ഞ ഇറച്ചിയുമായി എത്തിയ അന്‍സാരി തേങ്ങി കരയുന്നുണ്ടായിരുന്നു. കരച്ചില് നിര്‍ത്താനും തനിക്ക് വേണ്ടി അന്‍സാരി കൊണ്ടുവന്ന ബലിയിറച്ചി ലാലുവിന്റെ സഹായിയോടൊപ്പം പോയി അശുപത്രി താല്കാലികമായി ലാലുവിന് തയ്യാറാക്കി കൊടുത്ത അടുക്കളയില്‍ നിന്ന് പാകം ചെയ്ത് വരാന്‍ പറഞ്ഞു.
ഭോല ഫോണ്‍ വിളിച്ച് ലാലുവിന് കൊടുത്തു. ബലിചെയ്ത ആട്ടിറച്ചിയുമായി വരാന്‍ അന്‍സാരിയോട് ലാലു ആവശ്യപ്പെട്ടു. അര മണിക്കൂറിനുള്ളില്‍ തന്റെ കര്ചീഫില് പൊതിഞ്ഞ ഇറച്ചിയുമായി എത്തിയ അന്‍സാരി തേങ്ങി കരയുന്നുണ്ടായിരുന്നു.
ലാലുവിന്റെ സഹായി ലക്ഷ്മണും അന്‍സാരിയും പാകം ചെയ്ത ഇറച്ചിയുമായി വന്നപ്പോള്‍ തന്റെ പാത്രത്തില്‍ നിന്ന് കഴിക്കാന്‍ ലാലു അന്‍സാരിയെ നിര്‍ബന്ധിച്ചു. നിങ്ങളുടെ കൂടെയിരുന്ന് ഒരു ഓട്ടോകാരനായ ഞാന്‍ എങ്ങനെ ഭക്ഷണം കഴിക്കും എന്ന് പറഞ്ഞ് മാറി നിന്ന അന്‍സാരിയോട് കഴിച്ചില്ലെങ്കില്‍ നല്ല അടിതരും എന്നും പറഞ്ഞ് ലാലു നിര്‍ബന്ധിച്ച് കഴിപ്പിച്ചു. അവര്‍ രണ്ട് പേരും സംസാരിച്ചുകൊണ്ട് കഴിക്കുന്നത് ഞങ്ങള്‍ നോക്കിനിന്നു. ഇത് കണ്ട് ഒച്ചയിട്ട് ഓടിവന്ന നഴ്സ് ഇറച്ചി കഴിക്കരുതെന്ന ഡോക്റ്ററുടെ താക്കീത് ഓര്മ്മപ്പെടുത്തിയപ്പോഴുള്ള ലാലുവിന്റെ മറുപടിക്കായിരുന്നു ഏറ്റവും ഭംഗി.”നിങ്ങളുടെ ഡോക്ടറൊരു പാവമാണ്, അയാള്‍ക്കറിയില്ല അന്‍സാരി കൊണ്ട് വന്ന ഇറച്ചിക്ക് ഇവിടുത്തെ മരുന്നിനേക്കാള്‍ ശക്തിയുണ്ടെന്ന്” എന്നായിരുന്നു അത്. എന്നിട്ട് ഞങ്ങളുടെ അടുത്തേക്ക് തിരിഞ്ഞ് “എന്നെ പാവപ്പെട്ടവര്‍ ഒരുപാട് സ്നേഹിക്കുന്നു. അതില്കൂടുതല് എനിക്കെന്ത് വേണം. എല്ലാം ദൈവത്തിന്റെ കയ്യിലല്ലേ…”എന്നും പറഞ്ഞു. ഭക്ഷണം കഴിച്ചുകഴിഞ്ഞ ലാലു എന്ത് പ്രശ്നം ഉണ്ടായാലും തന്നെ ബന്ധപ്പെടാന്‍ പറഞ്ഞ് അന്‍സാരിയെ യാത്രയാക്കി. അയാള്‍ പോകുമ്പോള്‍ കരഞ്ഞുകൊണ്ട് തന്റെ ലാലൂജിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു.
അന്‍സാരി പോയതിന് ശേഷം, നിങ്ങള്‍ക്കും കൂടെ ഇത് തികയില്ല, അതുകൊണ്ട് ഞങ്ങളോടെല്ലാവരോടും ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഞങ്ങളെ യാത്രയാക്കി.