India National

പാര്‍പ്പിട നിര്‍മ്മാണ മേഖലയില്‍ വന്‍ നികുതി ഇളവ്

പാര്‍പ്പിട നിര്‍മ്മാണ മേഖലയില്‍ വന്‍ നികുതി ഇളവുകള്‍ പ്രഖ്യാപിച്ച് ജി.എസ്.ടി കൌണ്‍സില്‍. സാധാരണക്കാരന്‍റെ ചെലവ് കുറഞ്ഞ വീടുകള്‍ക്ക് ഒരു ശതമാനമാക്കിയും ചെലവ് കൂടിയവക്ക് അഞ്ച് ശതമാനമാക്കിയും ജി.എസ്.ടി നിരക്ക് കുറച്ചു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ലോട്ടറി നികുതി ഏകീകരണ തീരുമാനം മന്ത്രിതല ഉപസമിതി വീണ്ടും പരിഗണിക്കാന്‍ തീരുമാനിച്ചു.

പൊതു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇടത്തരക്കാരെ കാര്യമായി സ്വാധീനിക്കുന്ന നികുതി ഇളവുകള്‍ക്കാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജി.എസ്.ടി കൌണ്‍സില്‍ തീരുമാനമെടുത്തിരിക്കുന്നത്. ചെലവ് കുറഞ്ഞ വീടുകളുടെ നിര്‍മ്മാണത്തിനുള്ള ജി.എസ്.ടി നേരത്തെ 8 ശതമാനമായിരുന്നു. അത് ഒരു ശതമാനമാക്കി. ചെലവ് കൂടിയവക്ക് 12 ശതമാനമായിരുന്നത് 5 ശതമാനമാക്കിയും കുറച്ചു.

ഇഷ്ടിക, മണല്‍‌ തുടങ്ങി വീട് നിര്‍മ്മാണത്തിനിടെ വാങ്ങുന്ന വിവിധ സാധനങ്ങളുടെ ബില്ലുകള്‍ സമര്‍പ്പിക്കുമ്പോള്‍ കിട്ടുന്ന ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ഒഴിവാക്കി കൊണ്ടാണ് ഈ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 60 ചതുരശ്ര മീറ്ററില്‍ കൂടാത്ത 45 ലക്ഷം രൂപക്ക് താഴെയുള്ള വീടുകളാണ് ഇനി മുതല്‍ മെട്രോ നഗരങ്ങളില്‍ ചെലവ് കുറഞ്ഞ വീടുകളുടെ ഗണത്തില്‍ പെടുക. അല്ലാത്തയിടങ്ങളില്‍ വീടിന് വലിപ്പം 90 ചതുരശ്ര മീറ്റര്‍ വരെയാകാം.

ലോട്ടറി നികുതി ഏകീകരണ വിഷയത്തില്‍ കടുത്ത വാദപ്രതിവാദവും ഇന്നത്തെ ജി.എസ്.ടി കൌണ്‍സിലില്‍ ഉണ്ടായി. സിമന്‍റ് നികുതി കുറക്കുമെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നെങ്കിലും അക്കാര്യം കൌണ്‍സില്‍ പരിഗണിച്ചില്ല.