India National

കശ്മീരി മാധ്യമപ്രവര്‍ത്തകനെ അർദ്ധരാത്രി വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടു പോയി സായുധ സേന

കശ്മീരിലെ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് ദിനപത്രമായ ‘ഗ്രേറ്റർ കശ്മീര്‍’ റിപ്പോർട്ടർ ഇർഫാൻ അമീൻ മാലികിനെ അർദ്ധരാത്രിയിൽ വീട് കയറി കസ്റ്റഡിയിലെടുത്ത് സായുധ സേന. കസ്റ്റഡിയിലെടുത്ത കാര്യം ഇര്‍ഫാന്റെ കുടുംബം തന്നെയാണ് അന്താരാഷ്ട്ര മാധ്യമമായ ഹഫിംഗ്റ്റൻ പോസ്റ്റിനോട് പറയുന്നത്. കശ്മീരിലെ ട്രാൽ സ്വദേശിയായ ഇർഫാൻ മാലിക് ദക്ഷിണ കശ്മീരിലെ പുൽവാമയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകനാണ്.

കശ്മീരിന് സവിശേഷ അധികാരം നല്‍കുന്ന ഭരണഘടനാ അനുച്ഛേദം 370ഉം 35 എയും റദ്ദാക്കിയതിന് ശേഷം നിരവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ വീട്ടുതടങ്കലിലാണെങ്കിലും മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുക്കുന്നത് ഇതാദ്യമായാണ്. ബുധനാഴ്ച രാത്രി 11.30 ഓടെ ഒരു കൂട്ടം സായുധ സൈനികർ വീട്ടിലെത്തിയെന്നും അവർ ഇർഫാൻ മാലികിനെ പിടികൂടി കൊണ്ട് പോയെന്നും കുടുംബാംഗങ്ങൾ പറയുന്നു. ഇർഫാൻ മാലികിനെ പിടികൂടി കൊണ്ട്പോയവർ പൊലീസാണോ സൈന്യമാണോ എന്നറിയില്ലെന്നും വന്നവര്‍ കറുത്ത തൊപ്പി(ബന്ധന) ധരിച്ചിരുന്നെന്നും അദ്ദേഹത്തിന്റെ മാതാവ് ഹസീന പറയുന്നു. തന്റെ മകനെ പിടികൂടി കൊണ്ടുപോവാനുള്ള കാരണം എന്താണെന്ന് അറിയില്ലെന്ന് ഇർഫാന്റെ മാലിക്കിന്റെ പിതാവും സർക്കാരുദ്യോഗസ്ഥനുമായ മൊഹമ്മദ് അമീൻ മാലിക് പറയുന്നു.

ഇർഫാന്റെ കുടുംബം അവന്തിപൊര സീനിയർ എസ് പി താഹിർ സലീമിനെ ‌സന്ദർശിച്ചുവെന്നും സമീപ കാലത്ത് ഇർഫാൻ എന്തെങ്കിലും റിപ്പോർട്ട് ചെയ്തിരുന്നുവോ എന്ന് എസ്എസ്പി അന്വേഷിച്ചുവെന്നും കുടുംബാംഗങ്ങൾ പറയുന്നു. കശ്മീരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനു ശേഷം ഇർഫാൻ ഓഫിസിലേക്ക് പോയിട്ടെല്ലെന്ന് എസ്എസ്പിയെ അറിയിച്ചുവെന്നും അവർ പറയുന്നു.

പത്ര പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദമുള്ള ഇര്‍ഫാന്‍ അമീന്‍ മാലിക്ക് സര്‍വകലാശാലാതലത്തില്‍ ഗോള്‍ഡ് മെഡല്‍ ജേതാവ് കൂടിയാണ്. 2016 തൊട്ടാണ് ഇര്‍ഫാന്‍ ഗ്രേയ്റ്റര്‍ കശ്മീര്‍ പത്രത്തിന് വേണ്ടി ജോലി ചെയ്തു തുടങ്ങുന്നത്.