ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കിയ സുപ്രീം കോടതി വിധി ജനാധിപത്യത്തിന് ലഭിച്ച അനുഗ്രഹമാണെന്ന് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറൈഷി. ഈ വിധിയിലൂടെ ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനാകും. കഴിഞ്ഞ ഏഴ് വർഷത്തിനിടെ സുപ്രീം കോടതിയിൽ നിന്നുണ്ടായ ഏറ്റവും ചരിത്രപരമായ വിധിയാണിതെന്നും എസ് വൈ ഖുറൈഷി.
സുപ്രീം കോടതി വിധിയെ പ്രതിപക്ഷ നേതാക്കളും സ്വാഗതം ചെയ്തു. നടപടി ജനാധിപത്യവിരുദ്ധമാണെന്ന് പദ്ധതി ആവിഷ്കരിച്ചപ്പോൾ തന്നെ കോൺഗ്രസ് പറഞ്ഞിരുന്നതാണ്. ഭാവിയിൽ ഇത്തരം വികൃതമായ ആശയങ്ങൾ അവലംബിക്കുന്നത് മോദി സർക്കാർ അവസാനിപ്പിക്കുമെന്നും സുപ്രീം കോടതിയെ അനുസരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു.
സുപ്രിംകോടതി വിധി സുതാര്യതയുടെ മഹത്തായ വിജയമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരം. സമത്വം, ന്യായം, നീതി, ജനാധിപത്യം എന്നിവയുടെ മുഴുവൻ തത്ത്വങ്ങളും ഇലക്ടറൽ ബോണ്ട് പദ്ധതി ലംഘിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് ഫണ്ടിംഗിൽ സുതാര്യത ഉറപ്പാക്കുന്നതിലെ സുപ്രധാന ചുവടുവയ്പ്പാണിതെന്നായിരുന്നു ആം ആദ്മി പാർട്ടിയുടെ അഭിപ്രായം.
ചരിത്ര വിധിയാണിതെന്നായിരുന്നു കേസിലെ ഹർജിക്കാർ കൂടിയായ സിപിഐഎമ്മിൻ്റെ പ്രതികരണം. രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനയുടെ വിശദാംശങ്ങൾ പുറത്തുവരണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വിധിയിൽ ഔദ്യോഗിക പ്രതികരണവുമായി ഭരണകക്ഷിയായ ബിജെപി ഇതുവരെ രംഗത്തെത്തിയിട്ടില്ല.