India

പുതുച്ചേരിയിൽ സർക്കാർ തുടരും; പ്രതിസന്ധിയില്ലെന്ന് മുഖ്യമന്ത്രി

പുതുച്ചേരിയിൽ കോൺഗ്രസ് അധികാരത്തിൽ തുടരുമെന്ന് മുഖ്യമന്ത്രി വി. നാരായണ സ്വാമി. ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്നത് പ്രതിപക്ഷത്തിന്‍റേത് ആരോപണം മാത്രമാണെന്നും നാരായണ സ്വാമി പറഞ്ഞു. നിലവിൽ ഇരു മുന്നണികൾക്കും 14 വീതം സീറ്റുകളാണ് സഭയിൽ ഉള്ളത്.

മന്ത്രിമാരായ എ. നമശിവായം, മല്ലടി കൃഷ്ണറാവു, എം.എൽ.എമാരായ ജോൺ കുമാർ, തീപ്പൈന്തൻ എന്നിവർ രാജി വെച്ചതോടെയാണ് സർക്കാർ പ്രതിസന്ധിയിലായത്. നമശിവായവും തീപ്പൈന്തനും ബി.ജെ.പിയിൽ എത്തി കഴിഞ്ഞു. അവിശ്വാസ പ്രമേയത്തിന് നിൽക്കാതെ രാജി വെച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നതായിരുന്നു ആദ്യ തീരുമാനം. അടിയന്തര മന്ത്രിസഭായോഗത്തിന് ശേഷമാണ് ഭരണത്തിൽ തുടരാൻ മുഖ്യമന്ത്രി തീരുമാനിച്ചത്.

മന്ത്രിസഭ രാജി വെക്കുന്നില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നത് പോലെ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ലെന്നും അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി. നാരായണ സ്വാമി പറഞ്ഞു. ഭരണത്തിൽ തുടരുമെന്നും രാജിവച്ചവർക്കെതിരെ നിയമപരമായ നടപടികൾ ആലോചിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

33 അംഗ നിയമസഭയിൽ മൂന്ന് പേർ നോമിനേറ്റഡ് അംഗങ്ങളാണ്. കോൺഗ്രസ്സ് എം.എൽ.എ എൻ. ധനവേലുവിനെ നേരത്തെ, പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് നേരത്തെ പുറത്താക്കിയിരുന്നു. ഇതോടെയാണ് ഭരണപക്ഷത്തെ അംഗസംഖ്യ 19 ൽ നിന്ന് 14 ആയി കുറഞ്ഞത്.