India

ലോകായുക്ത ഭേദഗതി: താന്‍ നിറവേറ്റിയത് ഭരണഘടനാ ചുമതലയെന്ന് ഗവര്‍ണര്‍

ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ നിയമവിരുദ്ധമായി ഒന്നും തനിക്ക് കാണാന്‍ കഴിഞ്ഞില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിസഭയുടെ നിര്‍ദേശം അംഗീകരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കുക വഴി തന്റെ ഭരണഘടനാപരമായ ചുമതല നിറവേറ്റുക മാത്രമാണ് ചെയ്തത്. മൂന്നാഴ്ചയിലേറെയായി ബില്‍ തന്റെ പരിഗണനയിലുണ്ടായിരുന്നെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കര്‍ണാടകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദിവസങ്ങളായി പുകയുന്ന ഹിജാബ് വിവാദത്തിലും ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ നിലപാട് അറിയിച്ചു. ഇസ്ലാമിന്റെ ചരിത്രത്തിലെ സ്ത്രീകള്‍ പോലും ഹിജാബിന് എതിരായിരുന്നെന്നാണ് ഗവര്‍ണറുടെ പ്രതികരണം. ദൈവം നല്‍കിയ സൗന്ദര്യം മറുച്ചുവെക്കില്ലെന്ന അഭിപ്രായമാണ് ഇസ്ലാമിലെ ഒന്നാം തലമുറയിലെ സ്ത്രീകള്‍ക്കുണ്ടായിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഉത്തര്‍പ്രദേശ് കേരളത്തെപ്പോലെയാകാതിരിക്കാന്‍ ശ്രദ്ധിച്ച് വോട്ടുചെയ്യണമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തോട് ഗവര്‍ണര്‍ പ്രതികരിച്ചില്ല. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ നേരിടുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടതോടെയാണ് നിയമഭേദഗതിക്ക് അംഗീകാരമായത്. വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിവാദമായ ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സിനെ കുറിച്ച് മുഖ്യമന്ത്രി ഗവര്‍ണറോട് വിശദീകരിച്ചിരുന്നു. ഓര്‍ഡിനന്‍സ് ഭരണഘടനയനുസരിച്ചാണെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചതിന് പിന്നാലെയാണ് ലോകായുക്ത നിയമഭേദഗതിക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്.