India National

‘തന്നെ അടിച്ചമര്‍ത്താനാവില്ല’ കേന്ദ്രത്തിനെതിരെ തുറന്നടിച്ച് പി ചിദംബരം

ഐ.എൻ.എക്സ് മീഡിയ ഇടപാടിൽ ഇ.ഡിയുടെയും സി.ബി.ഐയുടെയും കേസുകളിൽ 100 ദിവസത്തിലധികം തടവിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയ പി ചിദംബരം കേന്ദ്രസര്‍ക്കാരിനെതിരെ തുറന്നടിച്ചിരിക്കുന്നു.

തന്നെ അടിച്ചമര്‍ത്താനാവില്ലെന്നും രാജ്യം ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും മുന്‍ ധനമന്ത്രികൂടിയായ പി ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജയില്‍ മോചനം ലഭിച്ചതില്‍ സന്തോഷമുണ്ട്. സ്വാതന്ത്രത്തിന്റെ ശുദ്ധവായു ശ്വസിക്കാനായതില്‍ ആശ്വാസമുണ്ട്.സുപ്രീം കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്. തന്നെ ഒരിക്കലും അടിച്ചമര്‍ത്താനാവില്ല’ അദ്ദേഹം പറഞ്ഞു.

കശ്മീരികള്‍ക്ക് അടിസ്ഥാന സൗകര്യം നിഷേധിച്ചു. ജി.ഡി.പി ഏറ്റവും മോശം അവസ്ഥയിലാണ്. തൊഴിലില്ലായ്മ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. പ്രധാനമന്ത്രി ഈ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് നിശബ്ദനാണ്. ആച്ചാ ദിന്‍ വന്നോ എന്നത് കണക്കില്‍ നിന്നും വ്യക്തമാണ്. ജി.ഡി.പി താഴുന്നതില്‍ അഭിമാനിക്കുന്നൊരു സര്‍ക്കാരാണിത്. ഇത്രയും നിരുത്തരവാദപരമായി ഇതിന് മുമ്പ് ഒരു ധനമന്ത്രിയും പ്രധാനമന്ത്രിയും ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയെ കൈകാര്യം ചെയ്തിട്ടില്ല’ അദ്ദേഹം തുറന്നടിച്ചു.