India

”സരസ്വതി ദേവിക്ക് ആരോടും വിവേചനമില്ല”; ഹിജാബ് വിലക്കിൽ രാഹുൽ ഗാന്ധി

കർണാടകയിലെ സർക്കാർ കോളേജുകളിൽ ഹിജാബിന് വിലക്കേർപ്പെടുത്തിയതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്റെ പെൺമക്കളുടെ ഭാവിയാണ് നടപടിയിലൂടെ കവരുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പ്രതികരണം.

വിദ്യാർത്ഥികളുടെ ഹിജാബിനെ അവരുടെ വിദ്യാഭ്യാസത്തിനു വിഘാതമാക്കിത്തീർക്കുന്നതിലൂടെ ഇന്ത്യയുടെ പെൺമക്കളുടെ ഭാവിയാണ് നാം കവരുന്നതെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. സരസ്വതി ദേവി എല്ലാവർക്കുമാണ് അറിവ് നൽകുന്നതെന്നും അവർക്ക് അക്കാര്യത്തിൽ വേർതിരിവൊന്നുമില്ലെന്നും രാഹുൽ കുറിച്ചു.

കർണാടകയിലെ ഉഡുപ്പി ജില്ലയിലാണ് വിവിധ സർക്കാർ കോളേജുകളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ അധികൃതർ തടഞ്ഞത്. ഇവരെ ക്ലാസിലിരിക്കാൻ അധികൃതർ അനുവദിച്ചില്ല. നടപടിക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ കുട്ടികൾക്ക് പിന്തുണയുമായി രംഗത്തെത്തി. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ‘മുസ്ലിം പെൺകുട്ടികൾ ആദ്യം മുതലേ ഹിജാബ് ധരിക്കുന്നു. അതവരുടെ മൗലികാവകാശമാണ്. കാവി ഷാളുകൾ ധരിച്ചു വരുന്നവർ നേരത്തെ അങ്ങനെയാണോ കോളേജുകളിൽ വന്നിരുന്നത്? ഇത് രാഷ്ട്രീയപ്രേരിതമാണ്. അതുകൊണ്ട് തന്നെ സർക്കാർ നിലപാട് വ്യക്തമാക്കണം’-സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

കോൺഗ്രസ് നേതാക്കളും പാർലമെന്റ് അംഗങ്ങളുമായ ശശി തരൂർ, കാർത്തി പി. ചിദംബരം, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമർ അബ്ദുല്ല തുടങ്ങിയവരെല്ലാം നടപടിക്കെതിരെ കടുത്ത വിമർശനം നടത്തിയിരുന്നു.

വിദ്യാർത്ഥിനികളെ വീണ്ടും തടഞ്ഞു

ഉഡുപ്പിയിലെ കുന്ദാപുരയിലെ ഗവ. പി.യു കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ ഇന്നലെയും കോളേജ് അധികൃതർ തടഞ്ഞിരുന്നു. ഹിജാബ് ധരിച്ചെത്തിയവരെ കോളേജ് പരിസരത്തുനിന്ന് അധികൃതർ ബലംപ്രയോഗിച്ച് പുറത്താക്കി. ഇതോടെ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.

ഉഡുപ്പിയിലെ വനിതാ പ്രീ യൂനിവേഴ്‌സിറ്റി കോളേജിൽ ഹിജാബിന് ഒരു മാസമായി തുടരുന്ന വിലക്കിനു പിന്നാലെയാണ് ഇതേ ജില്ലയിലെ തന്നെ കുന്ദാപുരയിലെ ഗവ. പി.യു കോളേജിലും ഹിജാബ് വിലക്കേർപ്പെടുത്തിയത്.

ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ ക്ലാസിൽ പങ്കെടുക്കാൻ അനുവദിച്ചില്ല. ഇവരെ പ്രിൻസിപ്പൽ രാമകൃഷ്ണയുടെ നേതൃത്വത്തിലുള്ള കോളേജ് അധികൃതർ ഗെയിറ്റിനു പുറത്ത് തടയുകയായിരുന്നു. പരീക്ഷയ്ക്ക് രണ്ടുമാസം ബാക്കിനിൽക്കെയാണ് ഇവരെ ക്ലാസിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കിയത്. ഇതുവരെയില്ലാത്ത വിലക്ക് ഇപ്പോൾ എന്തിനാണ് ഏർപ്പെടുത്തുന്നതെന്ന് വിദ്യാർത്ഥിനികൾ ചോദിച്ചെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ വിശദീകരണം ലഭിച്ചില്ല. തുടർന്ന് വിദ്യാർത്ഥികൾ കോളേജിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.

നേരത്തെ, കാവി ഷാൾ ധരിച്ച് ഒരു സംഘം വിദ്യാർത്ഥികൾ ക്യാംപസിലെത്തുകയും പെൺകുട്ടികളോട് ഹിജാബ് അഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഹിജാബിന് വിലക്കേർപ്പെടുത്തണമെന്ന് ഇവർ കോളജ് അധികൃതരോട് ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് ഹിജാബ് ധരിച്ച വിദ്യാർത്ഥിനികളെ കോളേജിനു പുറത്ത് തടഞ്ഞതെന്നാണ് വിവരം. സംഭവത്തിന്റെ വിഡിയോ മാധ്യമപ്രവർത്തകരടക്കം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

കോളേജിലെ ഹിജാബ് വിലക്കിനെതിരെ നേരത്തെ രേഷം ഫാറൂഖ് എന്ന വിദ്യാർത്ഥിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണിതെന്ന് കാണിച്ചാണ് വിദ്യാർത്ഥിനി കോടതിയിൽ ഹരജി നൽകിയത്.