ഹോളി ദിനത്തില്‍ ഹരിയാനയിലെ ഗൂര്‍ഗോണില്‍ മുസ്ലിം കുടുംബത്തിന് നേരെ ആള്‍ക്കൂട്ടത്തിന്റെ ക്രൂരആക്രമണം. 20-25 പേരുടെ സംഘമാണ് വടിയും കുന്തവും വാളും അടക്കമുള്ള ആയുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ വിവാദമാവുകയായിരുന്നു. സംഭവത്തില്‍ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഉത്തര്‍പ്രദേശില്‍ നിന്നും മൂന്ന് വര്‍ഷം മുമ്പ് ഗുരുഗ്രാമിലേക്ക് താമസം മാറിയ മുഹമ്മദ് സാജിദിന്റെ കുടുംബത്തിന് നേരെയായിരുന്നു അക്രമം. ഇവരുടെ വീട്ടിലെത്തിയ അതിഥികള്‍ക്കൊപ്പം കുട്ടികള്‍ സമീപത്തെ മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു. ഇതിനിടെ രണ്ട് പേര്‍ ബൈക്കില്‍ വന്ന് ‘നിങ്ങളെന്താണ് ചെയ്യുന്നത്? പാകിസ്താനില്‍ പോയി ക്രിക്കറ്റ് കളിക്കൂ’ എന്ന് പറഞ്ഞതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇത് മുഹമ്മദ് സാജിദ് ചോദ്യം ചെയ്തതോടെ ഭീഷണികളുമായി ഇവര്‍ മടങ്ങി.
പത്തുമിനുറ്റിന് ശേഷം ആറ് പേര്‍ ആയുധങ്ങളുമായി രണ്ട് ബൈക്കിലും നടന്നുകൊണ്ട് ഇരുപതോളം പേരും മൈതാനത്തേക്ക് വന്നു. ആയുധങ്ങളുമായി ഇവര്‍ വരുന്നത് കണ്ട് ക്രിക്കറ്റ് കളിച്ചിരുന്ന കുട്ടികള്‍ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. കുന്തവും വടികളും വാളുമായിട്ടായിരുന്നു ആള്‍ക്കൂട്ടം വന്നത്. വീട്ടില്‍ കയറിയവര്‍ വാതിലടച്ചതോടെ പുരുഷന്മാരെ ഇറക്കിവിട്ടില്ലെങ്കില്‍ എല്ലാവരേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വൈകാതെ താഴത്തെ നിലയിലെ വാതില്‍ പൊളിച്ച് വീടിനകത്തുകയറിയ ഇവര്‍ പുരുഷന്മാരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
മുകള്‍ നിലയിലെ ടെറസില്‍ ഒളിച്ച കുടുംബത്തിലെ ചിലര്‍ മൊബൈലില്‍ വീഡിയോ എടുക്കുകയും ഇത് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തതോടെയാണ് ക്രൂര മര്‍ദനം പുറത്തറിയുന്നത്. കുടുംബാംഗങ്ങളെ മര്‍ദിച്ച അക്രമിസംഘം സ്വര്‍ണ്ണവും 25,000 രൂപ പണവും അടക്കം വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ന്നു. നിര്‍ത്തിയിട്ടിരുന്ന കാറുകളും വീടിന്റെ ജനലുകളും അക്രമിസംഘം തല്ലിതകര്‍ത്തു. എത്രയും പെട്ടെന്ന് വീട് ഒഴിഞ്ഞ് പോകണമെന്ന ഭീഷണിയും മുഴക്കിയാണ് സംഘം സ്ഥലം വിട്ടതെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ കുടുംബം വ്യക്തമാക്കുന്നു.
കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് അക്രമികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഐ.പി.സി 148(കൊള്ള), 149(നിയമവിരുദ്ധമായി സംഘം ചേരല്‍), 307(കൊലപാതകശ്രമം), 323(ബോധപൂര്‍വ്വം മുറിവേല്‍പ്പിക്കല്‍), 452(വീട്ടില്‍ അതിക്രമിച്ചു കയറല്‍), 506(ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അക്രമികളില്‍ പലരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആറ് പേരെ അറസ്റ്റു ചെയ്‌തെന്നും ബോണ്ട്‌സി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സുരേന്ദര്‍ കുമാര്‍ പറഞ്ഞു.
ഗ്യാസ് സിലിണ്ടറുകളുടെ അറ്റകുറ്റപ്പണിയും പഴയ ഫര്‍ണിച്ചറുകളുടെ വ്യാപാരവും കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തികളുമൊക്കെയാണ് മുഹമ്മദ് സാജിദ് ചെയ്തിരുന്നത്. മൂന്നുവര്‍ഷമായി ഗുരുഗ്രാമില്‍ താമസിക്കുന്ന തങ്ങള്‍ക്ക് ഇത്തരം ദുരനുഭവം ആദ്യമായാണെന്നും സാജിദ് പറഞ്ഞു. മുഹമ്മദ് സാജിദും ഭാര്യയും ആറ് കുട്ടികളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്.