India National

സാഹിത്യകാരനും ചലച്ചിത്ര- നാടകപ്രവര്‍ത്തകനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു

കന്നഡ എഴുത്തുകാരനും സിനിമാ- നാടകപ്രവര്‍ത്തകനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു. 81 വയസായിരുന്നു. ബംഗളൂരുവിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെ ആറരയോടെയായിരുന്നു അന്ത്യം. നാടക രംഗത്തും ചലച്ചിത്ര മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച സാഹിത്യകാരനായിരുന്നു ഗിരീഷ് കര്‍ണാട്. ബഹുമുഖ പ്രതിഭയെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു.

ഇന്ത്യന്‍ നാടക രംഗത്ത് നവതരംഗം സൃഷ്ടിച്ച തലമുറയെ നയിച്ച അസാധാരണ പ്രതിഭയാണ് 1938ല്‍ മുംബൈയില്‍ ജനിച്ച ഗിരീഷ് കര്‍ണാട്. ആധുനികതയെയും പാരമ്പര്യത്തെയും സമന്വയിപ്പിച്ച് അരങ്ങില്‍ വിപ്ലവം സൃഷ്ടിച്ച എഴുത്തുകാരന്‍. ആദ്യ നാടകമായ യയാതി തന്നെ മാസ്റ്റര്‍ പീസെന്ന നിലയില്‍ അറിയപ്പെട്ടു. ചരിത്രത്തെയും വര്‍ത്തമാനത്തെയും അതിസൂക്ഷ്മമായി അടുത്തറിഞ്ഞ് നടത്തിയ രചനകള്‍ സാഹിത്യലോകത്തെ വിസ്മയിപ്പിച്ചു. ടിപ്പുസുല്‍ത്താനെ സ്വാതന്ത്ര്യ സമരസേനാനിയായി ആദ്യമായി രേഖപ്പെടുത്തിയ ഗിരീഷ് കര്‍ണാട് മുഹമ്മദ് ബിന്‍ തുഗ്ലക്കിനെ ദാര്‍ശനികനായ ഭരണാധികാരിയായി അരങ്ങിലെത്തിച്ചു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സ്വഭാവം പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ അദ്ദേഹം പ്രവചിച്ചു.

അഭിനേതാവും സംവിധായകനുമായി ചലച്ചിത്ര രംഗത്തും ഗിരീഷ് കര്‍ണാട് വ്യക്തിമുദ്ര പതിപ്പിച്ചു. വംശവൃക്ഷക്ക് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം. ദി പ്രിന്‍സ്, നീലക്കുറിഞ്ഞി പൂത്തപ്പോള്‍ എന്നീ മലയാള സിനിമകളിലും അഭിനയിച്ചു. സോഷ്യലിസ്റ്റ് ചേരിയോട് ആഭിമുഖ്യം പുലര്‍ത്തിയ കര്‍ണാട് വലതുപക്ഷ രാഷ്ട്രീയത്തോട് എന്നും ഒത്തുതീര്‍പ്പില്ലാതെ കലഹിച്ചു.

1974ല്‍ രാജ്യം പത്മശ്രീയും 1992ല്‍ പത്മഭൂഷണും നല്‍കി ആദരിച്ചു. 1998ല്‍ ജ്ഞാനപീഠം നേടി. കര്‍ണാടിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തി. കര്‍ണാടക സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.