India National

പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ജർമൻ വിദ്യാർത്ഥിയുടെ വിസ റദ്ദാക്കിയതില്‍ പ്രതിഷേധം ശക്തം

ജർമനിയിൽ ജനിച്ചതുകൊണ്ട് നിലവിലെ ഇന്ത്യൻ സാഹചര്യങ്ങളെ തനിക്ക് വ്യക്തമായി മനസ്സിലാകുമെന്നും, ഇന്ത്യൻ സര്‍ക്കാര്‍ ഭരണഘടന വിരുദ്ധമായി ഒരു വിഭാഗത്തോട് അന്യായം കാണിക്കുകയാണ് എന്നും ജേക്കബ് പറഞ്ഞിരുന്നു

രാജ്യത്ത് നടക്കുന്ന പൗരത്വ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ ജര്‍മ്മന്‍ വിദ്യാര്‍ഥിയുടെ വിസ റദ്ദ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ഥികളും അധ്യാപകരും ഈ നടപടിക്കെതിരെ പ്രതിഷേധിച്ചു.

രാജ്യത്ത് നടക്കുന്ന പൗരത്വ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന്റെ പേരില്‍ ജര്‍മ്മനിയിലേക്ക് മടങ്ങിപോകേണ്ടി വന്ന ഐ.ഐ.ടി മദ്രാസ് വിദ്യാർത്ഥി ജേക്കബ് ലിൻഡെതാലാന്റെ വിസയാണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ സര്‍ക്കാര്‍ റദ്ദാക്കിയത്. ഈ വര്‍ഷം ജൂൺ വരെ കാലാവധി ഉണ്ടായിരിക്കെയാണ്, ഫെബ്രുവരി 8ന് വിസ റദ്ദ് ചെയ്യപ്പെട്ടതായി ജർമനിയിലെ ഇന്ത്യൻ എംബസിയിൽനിന്ന് ജേക്കബിന് വിവരം ലഭിക്കുന്നത്. ജർമനിയിലെ ഡ്രെസ്ഡെന് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽനിന്നും എക്സ്ചേഞ്ച് പ്രോഗ്രാമിന് വേണ്ടി മദ്രാസ് ഐ.ഐ.ടിയിൽ എത്തിയ ജേക്കബിന്റെ പഠനം വരുന്ന മെയിൽ അവസാനിക്കാനിരിക്കെയാണ് യാതൊരു കാരണവും കാണിക്കാതെ വിസ റദ്ദ് ചെയ്തിരിക്കുന്നത്. എന്നാൽ നിലവിൽ പൂർത്തിയാക്കിയ ഒരു സെമസ്റ്ററിന്റെ രേഖകൾ ജേക്കബിന് ലഭ്യമാക്കുമെന്ന് സര്‍വകലാശാല വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

ചെന്നൈയിൽ നടന്ന പൗരത്വ സമരങ്ങളിൽ പങ്കെടുത്തതിന് കഴിഞ്ഞ ഡിസംബറിലാണ് ഈ വിദ്യാർഥിയെ ഇന്ത്യയിൽനിന്നും മടക്കിയയച്ചത്. ജർമനിയിൽ ജനിച്ചതുകൊണ്ട് നിലവിലെ ഇന്ത്യൻ സാഹചര്യങ്ങളെ തനിക്ക് വ്യക്തമായി മനസ്സിലാകുമെന്നും, ഇന്ത്യൻ സര്‍ക്കാര്‍ ഭരണഘടന വിരുദ്ധമായി ഒരു വിഭാഗത്തോട് അന്യായം കാണിക്കുകയാണ് എന്നും ചെന്നൈയിൽ വെച്ച് ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.