ജനിതക മാറ്റം വന്ന കോവിഡ് വൈറസ് ബാധ യുകെയില്‍ അനിയന്ത്രിതമായതോടെ ഇന്ത്യയിലും ജാഗ്രത നിര്‍ദേശം. വിമാന സർവീസുകളുടെ കാര്യത്തിലും മുന്‍കരുതല്‍ നടപടികളിലും ഉടന്‍ തീരുമാനമെടുക്കും. കോവിഡ് ജോയിന്റ് മോണിറ്ററിങ് ഗ്രൂപ്പിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാകും നടപടിയെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി ഹർഷവർധന്‍ പ്രതികരിച്ചു.
ജനിതകമാറ്റം വന്ന കോവിഡ് ബാധ യുകെയില്‍ നിയന്ത്രണാതീതമായതിനൊപ്പം മറ്റ് രാജ്യങ്ങളിലേക്കും പടരുകയാണ്. ഇറ്റലി, ജർമനി, നെതർലാന്റ്സ്, ബെല്ജിയം, സൌദി തുടങ്ങി കൂടുതല്‍ രാജ്യങ്ങള്‍ യുകെയിലേക്കും തിരിച്ചും ഉള്ള വിമാന സർവീസ് റദ്ദാക്കി. നിലവില്‍ ഇന്ത്യയിലേക്കും തിരിച്ചും വിമാന സർവീസ് ഉള്ളത് വന്ദേ ഭാരതും പ്രത്യേക കരാർ പ്രകാരവുമാണ്. ക്രിസ്തുമസും പുതുവത്സരവും പ്രമാണിച്ച് കൂടുതല്‍ പേർ രാജ്യത്തേക്ക് എത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിമാന സർവീസുകളുടെ കാര്യത്തിലും മുന്‍കരുതല്‍ നടപടികളിലും സർക്കാർ തീരുമാനമെടുക്കാന്‍ ഒരുങ്ങുന്നത് ഹെല്‍ത്ത് സർവീസ് ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലുള്ള കോവിഡ് ജോയിന്റ് മോണിറ്ററിങ് ഗ്രൂപ്പിന്റെ അവലോകനത്തിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടി.
യുകെയില്‍ നിന്നുള്ള വിമാന സർവീസ് റദ്ദാക്കണമെന്ന് ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി പൃത്വിരാജ് ചവാനും അടക്കമുള്ളവർ ആവശ്യപ്പെട്ടു. ആശങ്ക വേണ്ടെന്നും സർക്കാർ സർക്കാർ സമയ ബന്ധിതമായി നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി ഹർഷവർധന്‍ പ്രതികരിച്ചു. ജനുവരിയില്‍ മുന്‍ഗണന പട്ടികയിലെ 30 കോടി പേർക്ക് വാക്സിന്‍ നല്കാനാകുമെന്നും ഹർഷവർധന്‍ അറിയിച്ചു.
രാജ്യത്ത് നിലവില്‍ കോവിഡ് ബാധിതർ ആകെ 1,00,55,560 ആണെങ്കിലും 3.03 ലക്ഷമാണ് ചികിത്സയില്‍ ഉള്ളവർ. 24337 കേസുകളും 333 മരണവുമാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്.