India

സേനാ നായകന് വിട; ജനറല്‍ ബിപിന്‍ റാവത്തിന് ആദരമര്‍പ്പിച്ച് രാജ്യം

ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് ആദരമര്‍പ്പിച്ച് രാജ്യം. ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. ഡല്‍ഹി ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തില്‍ 17 ഗണ്‍ സല്യൂട്ടോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശസേനാ തവന്മാര്‍,വിവിധ രാജ്യങ്ങളിലെ നയന്ത്ര പ്രതിനിധികള്‍, ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

ജന.ബിപിന്‍ റാവത്തിന്റെയും മധുലിക റാവത്തിന്റെയും മക്കളായ കൃതികയും തരിണിയും കണ്ണീരോടെ മാതാപിതാക്കള്‍ക്ക് വിട നല്‍കി. ജന്മനാട്ടില്‍ നിന്നുള്ള പ്രിയപ്പെട്ടവരും ബന്ധുമിത്രാദികളും അവസാനമായി ജന.ബിപിന്‍ റാവത്തിനെയും ഭാര്യ മധുലികയെയും ഒരുനോക്കുകാണാനായി എത്തി. ഡല്ഹി കാംരാജ് മാര്‍ഗിലെ ഔദ്യോഗിക വസതിയിലെ പൊതുദര്‍ശത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം ബ്രാര്‍ സ്‌ക്വയറിലേക്ക് എത്തിച്ചത്. ആയിരക്കണക്കിന് ജനങ്ങള്‍ വിലാപ യാത്രയില്‍ അണിനിരന്നു.

ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ആണ് ജനറല്‍ ബിപിന്‍ റാവത്ത്. 2019 ഡിസംബര്‍ 30നാണ് അദ്ദേഹം ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റത്. ആദ്യത്തെ സിഡിഎസ് കലാപവിരുദ്ധ യുദ്ധത്തില്‍ പരിചയസമ്പന്നനായിരുന്നു അദ്ദേഹം. കൂടാതെ വടക്കന്‍, കിഴക്കന്‍ കമാന്‍ഡുകള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ചില ഭൂപ്രദേശങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

2016 ഡിസംബര്‍ 17ല്‍ 27ാമത് കരസേനാ മേധാവിയായി (സിഒഎഎസ്) ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗില്‍ നിന്ന് ജനറല്‍ ബിപിന്‍ റാവത്ത് ഇന്ത്യന്‍ കരസേനയുടെ ചുമതല ഏറ്റെടുത്തിരുന്നു. നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍ഡിഎ), ഇന്ത്യന്‍ മിലിട്ടറി അക്കാദമി (ഐഎംഎ) എന്നിവയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന റാവത്, 11 ഗൂര്‍ഖ റൈഫിള്‍സിന്റെ അഞ്ചാമത്തെ ബറ്റാലിയനായ പിതാവിന്റെ അതേ യൂണിറ്റില്‍ 1978 ഡിസംബറിലാണ് ഇന്ത്യന്‍ ആര്‍മിയില്‍ കമ്മീഷന്‍ ചെയ്യപ്പെട്ടത്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (MONUSCO) ചാപ്റ്റര്‍ VII ദൗത്യത്തില്‍ അദ്ദേഹം ഒരു മള്‍ട്ടിനാഷണല്‍ ബ്രിഗേഡിന് കമാന്‍ഡറായി പ്രവര്‍ത്തിച്ചിരുന്നു, അവിടെ അദ്ദേഹത്തിന് രണ്ട് തവണ ഫോഴ്‌സ് കമാന്‍ഡറുടെ പ്രശംസ ലഭിച്ചിരുന്നു. പരം വിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ സേവാ മെഡല്‍, അതിവിശിഷ്ട് സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍, യുദ്ധസേവാ മെഡല്‍, സേനാ മെഡല്‍ എന്നിവ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

മധുലിക റാവത്ത്

1963 ഫെബ്രുവരി ഏഴിന് മധ്യപ്രദേശില്‍ ജനിച്ച മധുലികയുടെ പിതാവ് കുന്‍വാര്‍ മൃഗേന്ദ്ര സിംഗ് കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നു. ഗ്വാളിയോറിലോറില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മധുലിക ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് സൈക്കോളജിയില്‍ ബിരുദം നേടി. 1985ലാണ് മധുലിക ബിപിന്‍ റാവത്തിനെ വിവാഹം കഴിക്കുന്നത്. സാമൂഹ്യ പ്രവര്‍ത്തകയും സൈനികരുടെ ഭാര്യമാര്‍ക്കായുള്ള സംഘടനയുടെ പ്രസിഡന്റുമായിരുന്നു മധുലിക. സൈനികരുടെ ഭാര്യമാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച മധുലിക അവരെ സ്വയം പര്യാപ്തരാവാന്‍ സഹായിച്ചു. വിവിധ കോഴ്‌സുകള്‍ തെരഞ്ഞെടുത്ത് പഠിക്കാനും സാമ്പത്തിക സ്വയം പര്യാപ്തത അവരില്‍ കൊണ്ടുവരാനും മധുലിക ശ്രദ്ധിച്ചു. സൈനികരുടെ വിധവകളെ സഹായിക്കാനായി രൂപപ്പെടുത്തിയ വീര്‍ നാരീസ് അടക്കമുള്ള സംഘടകളുമായി ചേര്‍ന്നും മധുലിക പ്രവര്‍ത്തിച്ചിരുന്നു.

ബ്രിഗേഡിയര്‍ എസ്എല്‍ ലിഡ്ഡറിന്റെ ഭൗതികശരീരവും ഇന്ന് സംസ്‌കരിച്ചു. ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തിലായിരുന്നു ചടങ്ങുകള്‍. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും, മൂന്ന് സേന മേധാവികളും ചടങ്ങില്‍ പങ്കെടുത്തു. കരസേനാ മേധാവി ജനറല്‍ എംഎം നരവനെ, നാവിക സേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരി കുമാര്‍, വ്യോമസേനാ മേധാവി ചീഫ് എയര്‍ മാര്‍ഷല്‍ വിആര്‍ ചൗധരി എന്നിവരാണ് ബ്രിഗേഡിയര്‍ എസ് എല്‍ ലിഡ്ഡറിന് യാത്രാമൊഴി നല്‍കിയത്. എന്‍എസ്എ അജിത് ഡോവലും ചടങ്ങില്‍ പങ്കെടുത്തു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും ധീരസൈനികന് അന്തിമോപചാരം അര്‍പ്പിച്ചു.

തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപം ബുധനാഴ്ചയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേര്‍ അപകടത്തില്‍പ്പെട്ടത്. ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ 13 പേരും അപകടത്തില്‍ മരിച്ചു. ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തി നശിച്ചിച്ചിരുന്നു.