India National

ജി.ഡി.പിയിലുണ്ടായ കനത്ത തിരിച്ചടി മോദി സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു

ജി.ഡി.പിയിലുണ്ടായ കനത്ത തിരിച്ചടി മോദി സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ്. സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാന്‍ ധനമന്ത്രാലയത്തിന് കൂടുതല്‍ പാക്കേജുകള്‍ പ്രഖ്യാപിക്കേണ്ടി വരും. ജി.ഡി.പി വീണ്ടും ഇടിഞ്ഞ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും കുറക്കുമെന്നാണ് വിലയിരുത്തല്‍.

കോര്‍പ്പറേറ്റ് ടാക്സ് ഒഴിവാക്കിയത് അടക്കമുള്ള നിരവധി ഉത്തേജന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാസങ്ങളില്‍ പ്രഖ്യാപിച്ചത്. ബജറ്റിലുണ്ടായിരുന്ന പ്രധാനതീരുമാനങ്ങളില്‍ നല്ലൊരു പങ്കും പിന്‍വലിച്ചു. സമ്പത്ത് രംഗത്തെ വീണ്ടെടുക്കാന്‍ ധനസഹായങ്ങള്‍ ഒരുപാട് വേണ്ടിവരുമെന്നാണ് പുതിയ ജി.ഡി.പി നിരക്കും വ്യക്തമാക്കുന്നത്. ജിഡിപിയില്‍ ഇടിവുണ്ടായതിനാല്‍ റിപ്പോ നിരക്കില്‍ കാല്‍ ശതമാനം കുറവെങ്കിലും വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്‍റെ നേതൃത്വത്തിലുള്ള ആറംഗ മോണിറ്ററി പോളിസി കമ്മിറ്റി ഡിസംബര്‍ മൂന്ന് മുതല്‍ 5 വരെ ചേരുന്നുണ്ട്. കാല്‍ശതമാനം കുറവ് വരുത്തിയില്‍ 4.90 ശതമാനത്തിലേക്ക് റിപ്പോ നിരക്ക് താഴും. ഇതിനോടകം തുടര്‍ച്ചയായി അഞ്ച് തവണ റിപ്പോ നിരക്കില്‍ ആര്‍.ബി.ഐ കുറവ് വരുത്തി കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്‍റെ പ്രതിഷേധം വരാനിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് അടിയന്തരമായി കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടി വരും.

എന്നാല്‍ മൂന്നാം പാദത്തില്‍ ജി.ഡി.പി നിരക്ക് മെച്ചപ്പെടുമെന്ന് മുഖ്യ കെ.വി സുബ്രഹ്മണ്യന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.