ഈസ്റ്റ് ദില്ലിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ ഗുരുതര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. ഗൗതം ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് എ.എ.പിയുടെ ഈസ്റ്റ് ദില്ലി സ്ഥാനാര്‍ഥി അതിഷി മര്‍ലിന കോടതിയില്‍ പരാതി നല്‍കി.
ഡല്‍ഹി കരോള്‍ ബാഗ്, രാജേന്ദര്‍ നഗര്‍ എന്നീ വിലാസങ്ങളിലായി ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്നാണ് അതിഷിയുടെ ആരോപണം. ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന തെറ്റാണ് ഇതെന്ന് അതിഷി പ്രതികരിച്ചു. ഗംഭീറിന്‍റെ രണ്ട് മണ്ഡലങ്ങളിലെയും വോട്ടര്‍ ഐഡി വിവരങ്ങളും അതിഷി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ഗംഭീറിന്‍റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അതിഷി ഹര്‍ജി നല്‍കിയത്.
37കാരനായ ഗംഭീര്‍ കഴിഞ്ഞ മാസമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. വൈകാതെ ബി.ജെ.പി ഈസ്റ്റ് ദില്ലിയില്‍ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു. ഡല്‍ഹി വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേശകയായിരുന്ന അതിഷി, എ.എ.പിയുടെ പ്രകടന പത്രിക തയ്യാറാക്കുന്നതിലും മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.