ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം സംബന്ധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായ സര്‍വേ എടുക്കാനുള്ള നീക്കത്തെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ഷീല ദീക്ഷിത്. ഡല്‍ഹി നേതൃത്വം തള്ളിയിട്ടും സഖ്യം ആവശ്യമാണോയെന്ന് പരിശോധിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് നിര്‍ദേശിച്ചത്. അതേസമയം ഭീകരരെ നേരിടാന്‍ നരേന്ദ്ര മോദിയാണ് മന്‍മോഹന്‍ സിങ്ങിനെക്കാള്‍ മികച്ചതെന്ന വിവാദ വാക്കുകള്‍ വളച്ചൊടിച്ച് ഉണ്ടാക്കിയതാണെന്നും ഷീല ദീക്ഷിത് വ്യക്തമാക്കി.
ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം ദോഷകരമാകുമെന്നാണ് രാഹുല്‍ ഗാന്ധി അടക്കമുള്ളവരോട് ഡല്‍ഹി നേതൃത്വം അഭിപ്രായപ്പെട്ടത്. എന്നാല്‍ സഖ്യം ഉണ്ടാക്കേണ്ടതിന്റെ അത്യാവശ്യകത കേജ്‍രിവാള്‍ അടക്കമുള്ളവര്‍ ഇപ്പോഴും ഉന്നയിക്കുന്നുണ്ട്. ആ സാഹചര്യത്തിലാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ പാര്‍ട്ടിയുടെ ശക്തി ആപ്ലിക്കേഷനിലൂടെ സര്‍വേ എടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. നേരത്തെ മധ്യപ്രദശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കാനും പ്രവര്‍ത്തകര്‍ക്കിടയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ശക്തി ആപ്പ് പരീക്ഷിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് തനിക്ക് അറിവില്ലെന്നാണ് ഡല്‍ഹി സംസ്ഥാന അധ്യക്ഷയായ ഷീല ദീക്ഷിതിന്റെ പ്രതികരണം. അതേസമയം മോദിയെ പ്രകീര്‍ത്തിച്ചുള്ള വിവാദ പരാമര്‍ശം തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും ഷീല പറഞ്ഞു.
മന്‍മോഹന്‍ സിങ്ങിനേക്കാള്‍ മോദിയാണ് ഭീകരവാദത്തെ നന്നായി നേരിടുന്നതെന്നായിരുന്നു ഒരു ചാനല്‍ അഭിമുഖത്തില്‍ ഷീല ദീക്ഷിത് പറഞ്ഞത് . എന്നാല്‍ ഇതൊക്കെ തെരഞ്ഞെടുപ്പിനായാണ് മോദി ചെയ്യുന്നതെന്നും അവര്‍ പറഞ്ഞിരുന്നു. ഇതാണ് പിന്നീട് വിവാദത്തിലേക്ക് വഴി വെച്ചത്. കോണ്‍ഗ്രസിന് രാജ്യസുരക്ഷ പ്രധാനമാണെന്നും ഇന്ദിരഗാന്ധിയായിരുന്നു ശക്തയായ പ്രധാനമന്ത്രിയെന്നും ഷീല പറഞ്ഞു.