India National

നാലാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

ലോക്സഭ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. 9 സംസ്ഥാനങ്ങളിലെ 71 മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ്. ഉത്തര്‍പ്രദേശിലെ 3 മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രചരണത്തിനെത്തും. അമേഠിയിലും റായ്ബറേലിയുമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചരണ പരിപാടി.

പത്തിലധികം സുപ്രധാന മണ്ഡലങ്ങളും നിരവധി പ്രമുഖരും ജനവിധി തേടുന്ന വോട്ടെടുപ്പാണ് നാലാം ഘട്ടത്തിലേത്. ബിഹാര്‍, ജമ്മുകശ്മീര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഒഡിഷ, യുപി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ 71 മണ്ഡങ്ങളിലാണ് വോട്ടെടുപ്പ്. മധ്യപ്രദേശും രാജസ്ഥാനും അടക്കമുള്ളവിടങ്ങളില്‍ വോട്ടെടുപ്പ് ആരംഭിക്കുമ്പോള്‍ മഹാരാഷ്ട്രയിലും ഒഡീഷയിലും ഈ ഘട്ടത്തോടെ പൂര്‍ത്തിയാകും.

എസ്പി നേതാവ് ഡിംപിള്‍ യാദവ്, ബി.ജെ.പി നേതാവ് സാക്ഷി മഹാരാജ്, കോണ്‍ഗ്രസ് നേതാക്കളായ ജിതിന്‍ പ്രസാദ, സല്‍മാന്‍ ഖുര്‍ഷിദ്, അനു ടണ്ടന്‍, ശ്രീ പ്രകാശ് ജയ്സ്വാള്‍, മുഖ്യമന്ത്രി കമല്‍ നാഥിന്റെ നകുല്‍ നാഥ്, സിപിഐ നേതാവ് കനയ്യ കുമാര്‍ അടക്കമുളളര്‍ തിങ്കളാഴ്ച ജനവിധി തേടും. ബിഹാറിലെ ബഹുസാരായ്, മധ്യപ്രദേശിലെ ചിന്ത് വാട, ജമ്മുകശ്മീരിലെ അനന്ത് നാഗ് – ലഡാക്ക്, മഹാരാഷ്ട്രയിലെ സൌത്ത് മുംബൈ – പല്‍ഗര്‍, യുപിയിലെ ഉന്നാവോ, ബംഗാളിലെ അസന്‍സോള്‍, രാജസ്ഥാനിലെ ബര്‍മീര്‍ എന്നിവയാണ് കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങള്‍. പരസ്യ പ്രചാരണം അവസാനിക്കാനിരിക്കുന്ന കനൌജിലും ഹര്‍ദോയിയിലും അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന സീതാപൂരിലും പ്രധാനമന്ത്രി ഇന്ന് പ്രചാരണത്തിനെത്തും. സ്വന്തം മണ്ഡലമായ അമേഠിയിലും സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലുമാണ് രാഹുല്‍ ഗാന്ധിയുടെ പ്രചാരണ പരിപാടി.