India National

അനധികൃത കുടിയേറ്റക്കാരനെന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്യപ്പെട്ട മുൻ സൈനികന് ജാമ്യം

അനധികൃത കുടിയേറ്റക്കാരനെന്ന് ആസ്സാമിലെ ഫോറിനേർസ് ട്രൈബ്യൂണൽ മുദ്രകുത്തി അറസ്റ്റ് ചെയ്ത മുൻ സൈനികൻ സനാഉള്ളക്ക് ജാമ്യം . ഗുവാഹത്തി കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് സനാഉള്ളയ്ക്ക് ഗുവാഹത്തി കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യത്തുകയായി രണ്ടാൾ ജാമ്യം കൂടാതെ 20,000 രൂപയും കെട്ടിവെയ്ക്കണം. ഒപ്പം ജില്ലാ പോലീസ് സൂപ്രണ്ടിന്റെ അനുമതിയില്ലാതെ ഇപ്പോൾ ജീവിക്കുന്ന കാംരൂപ് ജില്ലാ വിട്ടു പോകരുതെന്നും നിർദ്ദേശമുണ്ട് .

സനാഉള്ളയുടെ ബയോമെട്രിക്സ് ശേഖരിക്കാൻ കോടതി ഉത്തരവിട്ടുണ്ട്. ഫോറിനേഴ്സ് ട്രിബ്യൂണൽ വിദേശിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മുപ്പത് വർഷം രാജ്യസേവനം നടത്തിയ സനാവുള്ളയെ ഇക്കഴിഞ്ഞ മെയ് 28ന് ആസാം ബോർഡർ പോലീസ് ഓർഗനൈസേഷൻ അറസ്റ്റ് ചെയ്തത്. തുടർന്ന് രേഖകൾ കൈവശമില്ലാത്ത കുടിയേറ്റക്കാരെ താമസിപ്പിക്കുന്ന ഗോൽപാറ ജില്ലയിലെ തടങ്കലിൽ താമസിപ്പിച്ചു.

ആസ്സാമിലെ കാംരൂപ് ജില്ലയിലെ കലാഹികലാഷ്‌ ഗ്രാമവാസിയായ മുഹമ്മദ് അലിയുടെ മകനായി 1967 ജൂലൈ 30 നാണു സനാഉല്ല ജനിച്ചത് . ആസ്സാമിലെ ഗുവാഹത്തിയിൽ താമസിക്കുന്ന ഇദ്ദേഹം തന്റെ ഇരുപതാമത്തെ വയസിൽ സൈന്യത്തിൽ ചേരുകയും വിവിധ സ്ഥാനങ്ങൾ വഹിക്കുകയും ചെയ്തു. 2012 മുതൽ ജൂനിയർ കമ്മീഷൻഡ് ഓഫിസർ റാങ്കിലേക്ക് സ്ഥാനക്കയറ്റം കിട്ടിയതിന് പ്രസിഡണ്ടിന്റെ സർട്ടിഫിക്കറ്റും 2014 ൽ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

വിരമിച്ചശേഷം 2017ൽ ആസാം ബോർഡർ പോലീസിൽ അംഗമായി. സനാവുള്ളയെപ്പോലുള്ള ആറ് മുൻ സൈനികർക്ക് ഫോറിനേഴ്സ് ട്രിബ്യൂണൽ നോട്ടിസ് നൽകിയതായാണ് വിവരം. സനാവുള്ളയെ അഞ്ചുതവണ വിശദീകരണം ചോദിക്കാൻ ഫോറിനേഴ്സ് ട്രിബ്യൂണൽ വിളിച്ചുവരുത്തിയിരുന്നു. കാംരൂപ് ജില്ലയിലെ ഫോറിനേർസ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരായ അപ്പീൽ ഗുവാഹത്തി ഹൈക്കോടതിയിൽ തുടരുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകരിലൊരാൾ മാധ്യമങ്ങളോട് പ്രതികരിച്ചു.

സനാഉള്ളക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് അടക്കമുള്ള അഭിഭാഷകരാണ്. ഫോറിനേർസ് ട്രൈബ്യൂണലിന്റെ ആസാം ബോർഡർ പോലീസിന്റെ 2008 ലെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണെന്നും സനാഉല്ല 1987 മുതൽ 2017 വരെ സൈന്യത്തിൽ സേവനമനുഷ്ഠിച്ചതൊന്നും ട്രിബൂണൽ കണക്കിലെടുത്തില്ലെന്നും സനാഉല്ലയുടെ മെയ് 31 നു സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട ഹരജിയിൽ പറയുന്നു

കഴിഞ്ഞ മാർച്ചിൽ സുപ്രീം കോടതി ഫോറിനേർസ് ട്രൈബ്യൂണലിന്റെ പ്രവർത്തനങ്ങൾ അപര്യാപ്തമാണെന്നും മറ്റും ചൂണ്ടി കാണിച്ച് ആസാം സർക്കാരിനെ വിമർശിച്ചിരുന്നു. തടങ്കലിൽ പാർപ്പിച്ചിട്ടുള്ള രേഖകൾ ഇല്ലാത്ത കുടിയേറ്റക്കാരെ എങ്ങനെ മോചിപ്പിക്കാനാണ് ഉദ്ദേശമെന്നും കോടതി ചോദിക്കുകയുണ്ടായി.