ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷയുമായ ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഏതാനും ദിവസങ്ങളായി ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
1998 മുതല്‍ 2013 വരെ 15 വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രി പ്രവര്‍ത്തിച്ചു. അഞ്ച് മാസം കേരള ഗവര്‍ണറായിരുന്നു. 2013ൽ ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച ഷീല ദീക്ഷിത് ആം ആദ്മി പാർട്ടിയുടെ ചെയർമാൻ അരവിന്ദ് കെജ്‍രിവാളിനോട് പരാജയപ്പെട്ടതോടു കൂടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. ആം ആദ്മി പാർട്ടിയിൽ നിന്നു കടുത്ത തിരിച്ചടി നേരിട്ടതിനെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്നു മാറിനിന്നു. തുടര്‍ന്ന് കേരള ഗവർണർ ഉൾപ്പെടെയുള്ള പദവികൾ വഹിച്ച ശേഷം വീണ്ടും രാഷ്ട്രീയത്തില്‍ സജീവമായി.
കോണ്‍ഗ്രസിന്‍റെ ഡല്‍ഹിയിലെ ശക്തമായ സാന്നിധ്യമായിരുന്നു ഷീല ദീക്ഷിത്. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളില്‍ അംഗമായിരുന്നു. ഗാന്ധി കുടുംബവുമായി എന്നും ഷീല ദീക്ഷിത് നല്ല അടുപ്പം സൂക്ഷിച്ചിരുന്നു. രാജീവ് ഗാന്ധി അവരെ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള സഹമന്ത്രിയാക്കി. രാജീവ് ഗാന്ധി വധിക്കപ്പെട്ടശേഷം കോൺഗ്രസ് അധ്യക്ഷനും പ്രധാനമന്ത്രിയുമായ പി.വി നരസിംഹറാവുവിനെ വെല്ലുവിളിച്ചു സോണിയ ഗാന്ധിക്കൊപ്പം നിന്നു. 1998ൽ സോണിയ കോൺഗ്രസിന്റെ ചുമതലയേറ്റശേഷം ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാനുള്ള ഉത്തരവാദിത്തം ഷീലയെ ഏൽപിക്കുകയായിരുന്നു.
ഈ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തും ഷീല ദീക്ഷിത് പ്രചാരണത്തില്‍ സജീവമായിരുന്നു. ബി.ജെ.പിക്കെതിരെ സഖ്യം രൂപീകരിക്കുന്നതിനെ ചൊല്ലി നേതാക്കള്‍ക്കിടയിലുണ്ടായ തര്‍ക്കം കല്ലുകടിയായി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്‍റായി തുടരണമെന്ന് സമ്മര്‍ദം ചെലുത്തിയവരില്‍ ഷീല ദീക്ഷിതും ഉണ്ടായിരുന്നു. അവസാനകാലം വരെ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന, ശക്തമായ സ്ത്രീസാന്നിധ്യമാണ് വിടവാങ്ങിയത്.