India National

ഓൺലൈൻ തട്ടിപ്പിലൂടെ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസിന് നഷ്ടപ്പെട്ടത് 1 ലക്ഷം രൂപ

ഓൺലൈൻ തട്ടിപ്പിലൂടെ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസിന് നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപ. മുൻ ചീഫ് ജസ്റ്റിസ് ആർ.എം.ലോധയാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന മറ്റൊരു റിട്ടയേർഡ് ജഡ്ജിയുടെ ഇമെയിൽ ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തിയത്.

ഡൽഹിയിലെ പഞ്ചശീല്‍ പാർക്കിൽ താമസിക്കുന്ന ജസ്റ്റിസ് ലോധ ശനിയാഴ്ച ഡൽഹിയിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഓഫിസിലും മാളവ്യ നഗറിലെ സൈബർ സെല്ലിന്റെ ഓഫീസിലുമെത്തി പരാതി നൽകിയതോടെയാണ്‌ വിവരം പുറത്തറിഞ്ഞത് .

തന്റെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന ജസ്റ്റിസ് .ബി.പി സിങ്ങുമായി താൻ സ്ഥിരമായി ഇമെയിലിൽ ആശയവിനിമയം നടത്താറുണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ 19 ന് ബി.പി സിംഗിന്റെ മെയിലിൽ നിന്ന് തന്റെ കസിന്റെ ചികിത്സാവശ്യാര്‍ഥം ഒരു ലക്ഷത്തോളം രൂപ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഒരു മെയിൽ വന്നെന്നുമാണ് ജസ്റ്റിസ് ലോധ നൽകിയ പരാതിയിൽ ഉള്ളത്. ഫോണിൽ ഇപ്പോൾ ബന്ധപ്പെടാൻ കഴിയില്ലെന്നും മെയിലിൽ ഉണ്ടായിരുന്നു. അത് കൊണ്ട് താൻ പെട്ടെന്ന് തന്നെ മെയിലിൽ കൊടുത്ത അക്കൗണ്ട് നമ്പറിൽ രണ്ടു തവണയായി ഒരു ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്‌തെന്നും പരാതിയിൽ പറയുന്നു .

ജസ്റ്റിസ് ബി.പി സിംഗിന് തന്റെ മെയിലിന്റെ നിയന്ത്രണം തിരികെ കിട്ടിയത് മെയ് 30 നാണെന്നും അപ്പോഴാണ് മെയിൽ ഹാക്ക് ചെയ്യപ്പെട്ട വിവരം ജസ്റ്റിസ് ലോധ അറിയുന്നതെന്നും മുതിർന്ന പോലീസ് ഓഫീസർ വാർത്ത ഏജൻസിയായ ഐ.എ.എൻ.എസ്സിനോട് പ്രതികരിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഐ.ടി ആക്റ്റിലെയും വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ടെന്നും ഹാക്കറിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണെന്നും ഓഫീസർ കൂട്ടി ചേർത്തു.