പ്രധാന മന്ത്രി നരേന്ദ്രമോദിയും മുന്‍ ധനമന്ത്രി പി. ചിദംബരവും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ നശിപ്പിച്ചെന്ന് കത്തെഴുതി വെച്ച് മുന്‍ വ്യോമസേന ഉദ്യേഗസ്ഥന്‍ ആത്മഹത്യ ചെയ്തു. അസം സ്വദേശിയായ ബിജന്‍ ദാസാണ് ആത്മഹത്യ ചെയ്തത്. രാജ്യത്തെ നിലവിലെ സാമ്പത്തികസ്ഥിതി ജീവിതം പ്രതിസന്ധിയിലാക്കിയതിനാലാണ് ജീവനൊടുക്കുന്നതെന്ന് ഇദ്ദേഹം ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്ത് എഴുതിയ കത്തില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തെയും ബിജന്‍ ദാസ് കുറ്റപ്പെടുത്തുന്നുണ്ട്.
ഇന്ത്യയുടെ ഇന്നത്തെ സാമ്പത്തിക നിലയ്ക്ക് കാരണം പി. ചിദംബരത്തിന്‍റെ നടപടികളാണെന്നും സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്ന അവസ്ഥയുടെ പൂര്‍ണ ഉത്തരവാദിത്തം മോദി സര്‍ക്കാരിനാണെന്നും കത്തില്‍ പറയുന്നുണ്ട്. സെപ്റ്റംബര്‍ ആറാം തിയതിയാണ് ഇദ്ദേഹം അലഹബാദിലെ പ്രയാഗ് ഹോട്ടലില്‍ മുറിയെടുത്തത്.
ഞായറാഴ്ച ഇദ്ദേഹത്തെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ മുറി തുറന്ന് നടത്തിയ പരിശോധനയിലാണ് ബിജന്‍ ദാസിനെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പും സ്വന്തം ശവസംസ്‌കാരച്ചടങ്ങിനായി 1500 രൂപയും മുറിയുടെ വാടകയായി 500 രൂപയും ലഭിച്ചു. പണം എന്തിനൊക്കെ ഉപയോഗിക്കണമെന്നുള്ള നിര്‍ദേശങ്ങളും കത്തിലുണ്ടായിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ട് കാരണം സംസ്‌കാരച്ചടങ്ങിന് കൂടുതല്‍ പണം നല്‍കാനാവില്ലെന്നും ബിജന്‍ ദാസ് സൂചിപ്പിച്ചിട്ടുണ്ട്. അഴിമതിയും ക്രമക്കേടും നിറഞ്ഞ ഭരണം കാരണം വിരമിച്ച ശേഷം തനിക്ക് ഉപജീവനത്തിന് മാര്‍ഗം കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് ആത്മഹത്യ തിരഞ്ഞെടുത്തതെന്നും തന്‍റെ ഇളയ മകന് വേണ്ടി യാതൊന്നും ചെയ്യാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും കത്തില്‍ പറയുന്നുണ്ട്. ഗായകനാകണമെന്ന മകന്‍റെ മോഹം സഫലമാകാന്‍ പ്രധാനമന്ത്രി സഹായിക്കണമെന്നും കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അലഹബാദില്‍ തന്നെ സംസ്‌കരിക്കണമെന്നും ബന്ധുക്കളെ അറിയിക്കരുതെന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.