രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നവസാനിക്കും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ 11 മണിക്ക് ഗാന്ധി നഗറിൽ നാമനിർദ്ദേശ പത്രിക നൽകും. ആറ് സീറ്റുകളിലേക്ക് ജൂലൈ 5, 6 തിയതികളിലാണ് തെരഞ്ഞെടുപ്പ്. ഇതിനിടെ ഗുജറാത്തിലെ രണ്ട് സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് വ്യത്യസ്ത ദിനങ്ങളിൽ നടത്തുന്നതിന് എതിരായ ഹരജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ഒഡീഷയിലെ 3 ഉം ഗുജറാത്തിലെ രണ്ട് ഉം ബിഹാറിലെ ഒരു സീറ്റിലേക്കുമാണ് ജൂലൈ 5, 6 തിയതികളിൽ തെരഞ്ഞെടുപ്പ് നടക്കുക. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്ക് മൽസരിക്കും. ജുഗൽജി ഠാക്കോറാണ് രണ്ടാമത്തെ സ്ഥാനാർത്ഥി. ഇരുവരും രാവിലെ 11ന് ഗാന്ധി നഗറിൽ നാമനിർദ്ദേശ പത്രിക നൽകും. ഒഡിഷയിൽ നിന്ന് ബി.ജെ.ഡിയുടെ സസ്മിത് പത്ര, അമർ പട്നായ്ക്ക് ബിജെപിയുടെ അശ്വിനി വൈഷ്ണവ് എന്നിവരും ബിഹാറിൽ നിന്ന് രാംവിലാസ് പാസ്വാനും നാമനിർദേശ പത്രിക സമർപ്പിച്ചു. 28നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തിയതി.
അമിത് ഷായും സ്‌മൃതി ഇറാനിയും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഗുജറാത്തിൽ രണ്ട് ഒഴിവ് വന്നത്. രണ്ട് സീറ്റുകളിലേക്കും രണ്ട് ദിവസങ്ങളിലാണ് വോട്ടെടുപ്പ്. ഇതിനെതിരെ കോണ്ഗ്രസ് നൽകിയ ഹരജിയിൽ സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിരുന്നു. ഡൽഹി, ബോംബേ ഹൈക്കോടതികളുടെ നേരത്തെയുള്ള വിധികൾ വിശദീകരിച്ച് നടപടിയിൽ തെറ്റില്ലെന്ന് കമ്മീഷൻ മറുപടി നൽകിയിട്ടുണ്ട്. രണ്ട് സീറ്റുകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടന്നാൽ ബി.ജെ.പിക്കും കോൺഗ്രസിനും ഓരോ സീറ്റുകൾ ലഭിക്കുമെന്നും ഇത് അട്ടിമറിക്കാനാണ് ശ്രമമെന്നുമാണ് കോൺഗ്രസ് ആരോപണം. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഗുജറാത്ത് പ്രതിപക്ഷ നേതാവും കോൺഗ്രസ് എം.എൽ.എയുമായ പരേഷ് ധനാനിയുടെ പരാതി പരിശോധിക്കുന്നത്.