തുടർച്ചയായ 12ാം വർഷവും രാജ്യത്തെ സമ്പന്നരിൽ ഒന്നാം സ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. 3.65 ലക്ഷം കോടി രൂപയാണ് അംബാനിയുടെ ആസ്തി. ഫോബ്സ് ഇന്ത്യയുടെ ഏറ്റവും പുതിയ പട്ടികയിലാണ് അംബാനി വീണ്ടും ഒന്നാം നമ്പറായത്. അതിവേഗത്തില്‍ വളര്‍ന്ന ജിയോയുടെ കുതിപ്പില്‍ നിന്നാണ് അംബാനി ആസ്തി പലകോടികള്‍ വര്‍ധിപ്പിച്ച് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.
ഇതേസമയം, പട്ടികയില്‍ വിസ്മയിപ്പിക്കുന്ന നേട്ടമുണ്ടാക്കിയത് അദാനി ഗ്രൂപ്പ് അധ്യക്ഷന്‍ ഗൗതം അദാനിയാണ്. എട്ടു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അദാനി രണ്ടാം സ്ഥാനത്തേക്കാണ് കുതിച്ചെത്തിയത്. 1570 കോടി ഡോളറാണ് അദാനിയുടെ ആസ്തി. 410 കോടി ഡോളറാണ് കഴിഞ്ഞ വര്‍ഷം അംബാനി വര്‍ധിപ്പിച്ചതെങ്കില്‍ 380 കോടി ഡോളറാണ് അദാനി കൂട്ടിച്ചേര്‍ത്തത്. രണ്ടാം സ്ഥാനത്തു നിന്നു വലിയ വീഴ്ച വീണത് വിപ്രോ സ്ഥാപകന്‍ അസിം പ്രേംജിയാണ്. പുതിയ പട്ടികയില്‍ 17 ാം സ്ഥാനത്താണ് പ്രേംജി. ഹിന്ദുജ സഹോദരങ്ങളാണ് മൂന്നാം സ്ഥാനത്ത്. 1560 കോടി ഡോളറാണ് ഇവരുടെ ആസ്തി. ഫോബ്സിന്റെ ഇന്ത്യയിലെ 100 ധനികരുടെ പട്ടികയിൽ എട്ട് മലയാളികളുമുണ്ട്. മലയാളികളിൽ ഒന്നാമത് ലുലു ഗ്രൂപ്പ് ചെയർമാൻ യൂസുഫലിയാണ്. 430 കോടി ഡോളറാണ് ആസ്തി. 190.1 കോടി ഡോളര്‍ ആസ്തിയുമായി ബൈജൂസ് ആപ്പ് തലവന്‍ ബൈജു രവീന്ദ്രന്‍ 72 ാം സ്ഥാനത്താണ്.