India National

പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് 20,000കോടി, സ്വയംപര്യാപ്ത ഇന്ത്യയെ സൃഷ്ടിക്കുക ലക്ഷ്യം: നിര്‍മലാ സീതാരാമന്‍

ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് വിശദീകരിക്കുകയായിരുന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

സ്വയംപര്യാപ്തമായ ഇന്ത്യ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ അഭിയാന്‍ പ്രഖ്യാപിച്ചതെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് വിശദീകരിക്കുകയായിരുന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സ്വയം പര്യാപ്ത എന്നതാണ് ആത്മനിര്‍ഭറിന്റെ അര്‍ത്ഥം. സ്വയം പര്യാപ്തമായ ഇന്ത്യയെ സൃഷ്ടിക്കുക എന്നതാണ് പാക്കേജിന്റെ ലക്ഷ്യം.

ഭൂമി, ധനം, തൊഴില്‍ ലഭ്യത, നിയമങ്ങള്‍ എന്നിവയാണ് ആത്മനിര്‍ഭര്‍ ഭാരതിന്റെ ആധാര ശിലകള്‍. ഏഴ് മേഖലകളില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പാക്കേജ് നടപ്പാക്കിയത്. എല്ലാ തലത്തിലുമുള്ളവരുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ടു. വളര്‍ച്ച വര്‍ദ്ധിപ്പിക്കിലാണ് പാക്കേജിന്റെ ലക്ഷ്യം.

പണലഭ്യത ഉറപ്പാക്കാന്‍ പതിനഞ്ച് ഇന പരിപാടി നടപ്പാക്കും. ചെറുകിട നാമമാത്ര വ്യവസായങ്ങള്‍ക്ക് മൂന്നുലക്ഷം കോടി രൂപയുടെ വായ്പ. വായ്പ കാലാവധി നാലുവര്‍ഷമാണ്. ഇതിന് ഈട് ആവശ്യമില്ല. ഒരുവര്‍ഷത്തേക്ക് തിരിച്ചടവിന് മൊറട്ടോറിയം അനുവദിക്കും. 100കോടി വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കാണ് വായ്പ നല്‍കുക. ഇതുകൊണ്ട് നാല്‍പ്പത്തിയഞ്ച് ലക്ഷം വ്യവസായ സ്ഥാപനങ്ങള്‍ക്ക് ലാഭമുണ്ടാക്കും.

പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് വായ്പാ രൂപത്തില്‍ കൂടുതല്‍ മൂലധനം നല്‍കും. ഇതിനായി 20,000കോടി മാറ്റിവച്ചു. വായ്പ കിട്ടാക്കടമായി പ്രഖ്യാപിച്ചവര്‍ക്കും തകര്‍ച്ചയിലായവര്‍ക്കും ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം.

നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയപരിധി നീട്ടി. ജൂലൈ 31 നും ഒക്ടോബർ 31 നും സമർപ്പിക്കേണ്ട നികുതി റിട്ടേൺ നവംബർ 30 നകം സമർപ്പിച്ചാൽ മതി.

ടി.ഡി.എസ്, ടി.സി.എസ് നിരക്കുകൾ 25 ശതമാനം കുറച്ചു. 2021 മാർച്ച് 31 വരെ പ്രാബല്യം. 50,000 കോടി രൂപയാണ് ഇതിനായി വേണ്ടി വരിക.

വൈദ്യുതി കമ്പനികൾക്ക് 90,000 കോടി . കുടിശിക തീർക്കാൻ ഉൾപ്പെടെയാണ് ഈ തുക അനുവദിച്ചു.