25 വര്‍ഷത്തിനിടെ ഉത്തരേന്ത്യയിലുണ്ടായ ഏറ്റവും കനത്ത മഴ ബീഹാര്‍, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായ ആറാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ 61 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ മഴയാണ് മുംബെയില്‍ രേഖപ്പെടുത്തിയത്. ഉത്തര്‍പ്രദേശില്‍ മാത്രം മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 100 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഹിക്ക ചുഴലിക്കാറ്റ് സൃഷ്ടിച്ച ന്യൂനമര്‍ദ്ദമാണ് കഴിഞ്ഞ 25 വര്‍ഷത്തെ കാലളവിലെ ഏറ്റവും കനത്ത കാലവര്‍ഷത്തിന് ഉത്തരേന്ത്യയില്‍ വഴിയൊരുക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും നിര്‍ത്താതെ പെയ്യുന്ന മഴയില്‍ 104 മരണമാണ് യു.പിയില്‍ നിന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ബീഹാറില്‍ 43 പേര്‍ക്കും മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലായി 16 പേര്‍ക്കും കാലവര്‍ഷ കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടു.
യു.പിയില്‍ അടിയന്തര സാഹചര്യം നേരിടാനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എല്ലാ അവധികളും റദ്ദാക്കി മുഖ്യമന്ത്രി ആദിത്യനാഥ് ഉത്തരവിറക്കിയിട്ടുണ്ട്. പാറ്റ്‌ന നഗരത്തില്‍ ഗംഗാ നദിയോട് ചേര്‍ന്ന മിക്ക ഭാഗങ്ങളിലും വെള്ളം കയറി. നഗരത്തില്‍ ഭക്ഷ്യക്ഷാമവും കുടിവെള്ള ദൗര്‍ലഭ്യതയും അനുഭവപ്പെടുന്ന സാഹചര്യത്തില്‍ സൈന്യത്തെ രംഗത്തിറക്കിയിട്ടുണ്ട്. നവാദ, ജഹാനാബാദ്, ഗയ മുതലായ ജില്ലകളില്‍ നിന്നായി നാലായിരത്തോളം പേരെ സുരക്ഷിതമായ സ്ഥലങ്ങളിലക്ക് മാറ്റിപ്പാര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നദിക്കരയിലെ ബലിയ ജയിലില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 800ഓളം തടവുകാരെ മാറ്റിപ്പാര്‍പ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാറുമായി ടെലിഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. യു.പി, ബീഹാര്‍ എന്നിവക്കു പുറമെ മഹാരാഷ്ട്രയിലും കനത്ത മഴയാണ് കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്നത്. ശരാശരി 23.5 സെന്റിമീറ്റര്‍ മഴ ലഭിക്കേണ്ടിയിരുന്ന മുംബെയില്‍ ഈ വര്‍ഷം മാത്രം 36.69 സെന്റിമീററര്‍ മഴ വര്‍ഷിച്ചതായാണ് കണക്കുകള്‍.