India Sports

ബാസ്കറ്റ് ബോളിന് ഇനി ഒഴുക്ക് കൂടും; കളിക്ക് വേദിയാവാന്‍ കടലും!

കരയില്‍ മാത്രം കളി ഉണ്ടായിരുന്ന കാലം ഒക്കെ കഴിഞ്ഞു. ഇപ്പോള്‍ കളി കടലിന്‍റെയും കൂടെയാണ്. ബാസ്കറ്റ്ബോള്‍ കളിയുടെ ഒഴുക്ക് കൂട്ടാന്‍ ഫ്ലോട്ടിംഗ് കോര്‍ട്ടുകള്‍ ഒരുക്കിയിരിക്കുകയാണ് എന്‍.ബി.എ. എന്‍.ബി.എയും, ഡി.ബി മുദ്രയും, ട്രൈബസ് ഗ്രൂപ്പും ചേര്‍ന്നാണ് ഒഴുകുന്ന കോര്‍ട്ട് നിര്‍മിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒഴുകുന്ന കോര്‍ട്ട്, നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ മുംബൈയിലെ ബാന്ദ്ര-വര്‍ളി കടല്‍പ്പാലത്തോട് ചേര്‍ന്നാണ് കോര്‍ട്ട് ഒരുക്കിയിരിക്കുന്നത്.

ജേസണ്‍ വില്ല്യംസ് അടക്കമുള്ള താരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഈ കോര്‍ട്ടില്‍ കളിച്ചിരുന്നു. എന്‍.ബി.എയുടെ വരാനിരിക്കുന്ന രണ്ട് പ്രീസീസണ്‍ മത്സരങ്ങള്‍ക്കും ഈ കോര്‍ട്ട് വേദിയാകും. ബാസ്കറ്റ് ബോളിന്‍റെ പ്രചരണാര്‍ത്ഥമാണ് ഒഴുകുന്ന കോര്‍ട്ടുകളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഒരു ബാര്‍ജിയിലാണ് കോര്‍ട്ടിന്‍റെ നിര്‍മാണം. ഹിപ് ഹോപ് കലാകാരന്മാര്‍ അണിനിരന്ന വലിയ ആഘോഷ പരിപാടികളോടെയായിരുന്നു കോര്‍ട്ടിന്‍റെ ഉദ്ഘാടനം.