India National

ഇന്ധനം തീരാന്‍ പത്ത് മിനിറ്റ് ശേഷിക്കെ ലഖ്നൗവില്‍ വിമാനം തിരിച്ചിറക്കി

ഇന്ധനം തീരാൻ പത്ത് മിനിറ്റ് മാത്രം ശേഷിക്കെ ലഖ്നൗവിൽ വിമാനത്തിന് സുരക്ഷിത ലാൻഡിങ്. മുംബെെ – ഡൽഹി വിസ്താര ഫ്ലെെറ്റാണ് വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. ഡൽഹിയിലെ മോശം കാലാവസ്ഥയെ തുടർന്ന് ലാൻഡ് ചെയ്യാൻ കഴിയാതിരുന്ന വിമാനം അധിക ദൂരം പറന്നതാണ് ഇന്ധനം തീരാൻ കാരണം.

മുംബെെയിൽ നിന്നും ഡൽഹിയിലേക്ക് പറന്ന വിമാനം, മോശം കാലാവസ്ഥയെ തുടർന്ന് ലഖ്നൗവിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നു. എന്നാൽ ലഖ്നൗവിലും‍ സേഫ് ലാൻഡിങ് സാധ്യമല്ലെന്ന വിവരം ലഭിച്ചതോടെ കാൺപൂരിലേക്ക് തിരച്ചു. കാൺപൂരിലേക്കുള്ള യാത്രക്കിടെ ലഖ്നൗവിലെ സ്ഥിതി ലാൻഡിങ്ങിന് അനുകൂലമാണെന്ന് വിവരം ലഭിക്കുകയും, വിമാനം വീണ്ടും തിരിച്ചു പറക്കുകയുമാണുണ്ടായത്.

ഡൽഹിയിലേക്കുള്ള യാത്രാ സൗകര്യവും എയർക്രാഫ്റ്റ് സപ്പോർട്ടും മാനിച്ചായിരുന്നു വിമാനം വീണ്ടും ലഖ്നൗവിൽ തന്നെ ഇറക്കാൻ തീരുമാനിച്ചെതെന്നാണ് വിസ്താര അറിയിച്ചത്. ലാൻഡിങ്ങിന് തെരഞ്ഞെടുത്ത സ്ഥലത്തെ അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റമാണ് ഇന്ധന പ്രതിസന്ധി ഉണ്ടാക്കിയതെന്നും കമ്പനി അറിയിച്ചു. അതിനിടെ വിമാനം പറത്തിയ പെെലറ്റിനെതിരെ ഡി.ജി.സി.എ നടപടി സ്വീകരിച്ചതായി എ.എൻ.ഐ അറിയിച്ചു.